കോവിഡ്‌ ബാധിതർ 339 , സമ്പർക്കത്തിലൂടെ 133


തുടർച്ചയായ രണ്ടാംദിനവും സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 300 കടന്നു. 339 പേർക്ക്‌ വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 133 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഏഴുപേരുടെ രോഗ ഉറവിടം‌ വ്യക്തമല്ല. 95 പേർക്ക്‌ രോഗം സ്ഥിരീകരിച്ച തലസ്ഥാന ജില്ലയിൽ 88ഉം സമ്പർക്കത്തിലൂടെയാണ്‌‌. ആദ്യമായി അതിവ്യാപനം (സൂപ്പർ സ്‌പ്രെഡ്‌) സ്ഥിരീകരിച്ച പൂന്തുറയിൽ സ്ഥിതി രൂക്ഷമാണ്‌. ഇവിടെമാത്രം 77പേർക്ക്‌ പുതുതായി രോഗമുണ്ട്‌. കോവിഡ് വ്യാപനത്തിൽ നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്‌പ്രെഡിലേക്ക്‌ നയിക്കാനും സാധ്യതയേറി. സമൂഹവ്യാപനം ഉണ്ടാകുമെന്നതിന്റെ സൂചനയാണിത്‌. രാജ്യത്ത്‌ ഈ സ്ഥിതിവിശേഷം ഉണ്ടായ വൻ നഗരങ്ങളിലെല്ലാം കാര്യങ്ങൾ നിയന്ത്രണാതീതമായെന്നും അദ്ദേഹം പറഞ്ഞു.

ഒരു മത്സ്യ മാർക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ട്രിപ്പിൾ ലോക്‌ഡൗണിലേക്ക്‌ നയിച്ചു. നഗരത്തിന്റെ വിവിധ മേഖലകളിലേക്ക്‌ രോഗം എത്തി. ആര്യനാട്ടും കൊച്ചിയിലും സമാനമായ വെല്ലുവിളിയുണ്ട്. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടി വരും. പൂന്തുറയിൽ രോഗം ബാധിച്ച പലരുടെയും സമ്പർക്കപ്പട്ടിക വിപുലമാണ്. സ്വയം നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത്‌ എവിടെയും ഈ സാഹചര്യം ഉണ്ടാകാം. ട്രിപ്പിൾ ലോക്‌ഡൗൺ പ്രദേശങ്ങളെ സ്‌തംഭനത്തിലേക്ക്‌ നയിക്കും.

സംസ്ഥാനത്തുനിന്ന്‌ മത്സ്യബന്ധനത്തിന്‌ കടലിലൂടെ തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കിയിട്ടുണ്ട്‌. ഇതിന്‌ തമിഴ്‌നാട്‌ പൊലീസുമായി സഹകരണം തുടരും. മത്സ്യവ്യാപാരത്തിനായി‌ അതിർത്തി കടന്നുപോയ ഒരാളിൽനിന്ന്‌ നിരവധി ആളുകളിലേക്ക്‌ രോഗം പടർന്നു. ഈ അവസ്ഥ കൂടുതൽ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാവരും പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

10-Jul-2020