അന്വേഷണത്തിന്‌ എല്ലാ പിന്തുണയും

സ്വർണക്കള്ളക്കടത്ത് കേസിൽ ദുരൂഹത സൃഷ്ടിച്ച് യഥാർഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്  വ്യക്തമാക്കി. സ്വർണം കടത്തുന്നവരെയും അതിനുപുറകിലുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന്‌ കേന്ദ്രസർക്കാർ സമഗ്ര അന്വേഷണം  പ്രഖ്യാപിക്കണമെന്ന്‌ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.  സമഗ്ര അന്വേഷണം വേണമെന്ന്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏത് അന്വേഷണമായാലും എല്ലാ പിന്തുണയും നൽകുമെന്ന്‌ സംസ്ഥാന സർക്കാർ അറിയിച്ചിട്ടും കേന്ദ്രസഹമന്ത്രി വി മുരളീധരൻ നടത്തിയ പ്രതികരണം ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിഞ്ഞുമാറലാണ്. മുമ്പും പലതവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വർണം കടത്തിയിട്ടും അതൊന്നും പിടികൂടാൻ കസ്റ്റംസിനു കഴിഞ്ഞില്ല. നയതന്ത്ര കാര്യാലയങ്ങളുടെ പേരിൽ വരുന്ന പാഴ്‌സലുകൾ സംബന്ധിച്ച സംശയങ്ങൾ‌ വിദേശമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകും. എന്നിട്ടും അന്വേഷണം നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്ന്‌ മുരളീധരൻ വ്യക്തമാക്കണം.

കേസിലെ മുഖ്യകണ്ണി സന്ദീപ് നായർ ബിജെപി പ്രവർത്തകനും നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളുമാണ്. ഒളിവിൽപ്പോയ സ്വപ്‌ന സുരേഷിനെ കോൺസുലേറ്റിലേക്കും എയർ ഇന്ത്യ സാറ്റ്‌സിലേക്കും ശുപാർശ ചെയ്തത് കോൺഗ്രസ് എംപിയാണെന്നും  വ്യക്തമായിട്ടുണ്ട്. ഇത്തരം സ്വാധീനങ്ങൾ വഴി കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് നിതാന്ത ജാഗ്രതയുണ്ടാകണം.  പ്രസ്‌താവനയിൽ പറഞ്ഞു.

അന്വേഷണം നടത്തേണ്ടത്‌ കേന്ദ്രം: യെച്ചൂരി
സ്വർണക്കടത്ത്‌ കേസ്‌ അന്വേഷിക്കേണ്ടത്‌ കേന്ദ്രസർക്കാരാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത്‌ തടയാൻ  മതിയായ അന്വേഷണം ആവശ്യപ്പെട്ട്‌ സംസ്ഥാനസർക്കാർ കത്ത്‌ നൽകി‌. അന്വേഷണത്തിന്റെ പരിധി തീരുമാനിക്കേണ്ടത്‌ കേന്ദ്രസർക്കാരാണ്‌. സംസ്ഥാന സർക്കാർ മതിയായ പിന്തുണ നൽകുമെന്നും യെച്ചൂരി പ്രതികരിച്ചു.



10-Jul-2020