തീവ്രവാദബന്ധം പരിശോധനയിലെന്ന് എൻഐഎ
അഡ്മിൻ
യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ പി എസ് സരിത് മുമ്പും സമാനരീതിയിൽ സ്വർണക്കടത്ത് നടത്തിയതായി പ്രാഥമികനിഗമനമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പ്രഥമവിവര റിപ്പോർട്ട്. വിയന്ന കൺവൻഷൻ പ്രകാരം നയതന്ത്രപരിരക്ഷയുള്ള യുഎഇയുടെ ബാഗേജ് പതിവായി കൈപ്പറ്റിയിരുന്നത് സരിത്താണ്. സ്വർണക്കടത്തിന് അന്താരാഷ്‌ട്രബന്ധമുള്ളതിനാൽ കള്ളക്കടത്തുസംഘത്തിന് തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കേസിൽ അന്വേഷണം നടത്തിവരുന്ന കസ്‌റ്റംസിന്റെ നിഗമനങ്ങളും റിപ്പോർട്ടിൽ പലയിടത്തും എൻഐഎ ഉദ്ധരിച്ചിട്ടുണ്ട്.
പ്രഥമവിവര റിപ്പോർട്ടിൽ ഒന്നാംപ്രതിയായി ചേർത്തിട്ടുള്ള സരിത് ഇപ്പോൾ കസ്‌റ്റംസിന്റെ കസ്‌റ്റഡിയിലാണ്. കസ്‌റ്റംസിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് എൻഐഎ ഉദ്യോഗസ്ഥർ ചോദ്യംചെയ്തതായും വിവരമുണ്ട്. കേസിൽ നാലാംപ്രതിയായ സന്ദീപ് നായരുടെ ഭാര്യയെ കസ്‌റ്റംസ് ചോദ്യംചെയ്തതിൽനിന്ന് സരിത്തിനും സ്വപ്‌നയ്‌ക്കും മറ്റ് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള കാര്യം പറഞ്ഞിട്ടുണ്ട്. കസ്‌റ്റംസ് നിയമം 108–-ാംവകുപ്പുപ്രകാരം എടുത്ത മൊഴിയിൽ സരിത്തിന്റെ പ്രവർത്തനരീതികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കാർഗോ കോംപ്ലക്‌സിൽ എത്തുന്ന ബാഗേജിനുള്ള തുക പണമായി നൽകിയാണ് സരിത് കൈപ്പറ്റിയിരുന്നത്.
സാധാരണനിലയിൽ കോൺസുലേറ്റ് ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് കൈമാറുന്ന രീതിയാണുള്ളത്. കോൺസുലേറ്റിന്റെ വാഹനത്തിലാണ് ഈ ബാഗേജ് കൊണ്ടുപോകേണ്ടത്. എന്നാൽ, ബാഗേജ് സരിത് സ്വന്തം വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയാണ് പതിവെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്ത് തീവ്രവാദവിരുദ്ധനിയമത്തിന്റെ പരിധിയിൽപ്പെടുത്താനുള്ള സാധ്യതയും എൻഐഎ ചൂണ്ടിക്കാണിക്കുന്നു. യുഎപിഎയുടെ 15–-ാംവകുപ്പാണ് തീവ്രവാദവിരുദ്ധനിയമത്തിന്റെ ഭാഗമായി ചുമത്തേണ്ടത്. നിലവിൽ പ്രതികൾക്കെതിരെ 15–-ാംവകുപ്പ് ചുമത്തിയിട്ടില്ല. എന്നാൽ, കേസിന് അന്താരാഷ്‌ട്ര ബന്ധമുള്ളതായി സംശയിക്കുന്നു. സ്വർണക്കടത്ത് തീവ്രവാദസംഘങ്ങൾക്കുവേണ്ടിയാണോ എന്നു പരിശോധിക്കേണ്ടിവരും. പ്രാഥമികാന്വേഷണത്തിൽ അത്തരം സൂചനകൾ ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്നതിനാൽ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചേർക്കേണ്ടിവരുമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
സ്വപ്‌ന പ്രധാന കണ്ണിയെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
നയതന്ത്ര പരിരക്ഷയുടെ മറവിൽ ഇന്ത്യയിലേക്ക് സ്വർണം കടത്തിയ റാക്കറ്റിലെ പ്രധാന കണ്ണിയാണ് സ്വപ്ന സുരേഷ് എന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഒളിവിലുളള പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ, കള്ളക്കടത്തിൽ ഇവർക്ക് പങ്കുള്ളതായി മൊഴി നൽകിയിട്ടുണ്ട്. സന്ദീപും സ്വപ്നയും സരിത്തും അറിയാവുന്ന ചിലരും സ്വർണം കടത്തുന്നതായി തനിക്ക് അറിവുണ്ടെന്നാണ് കസ്റ്റംസിന് സൗമ്യ മൊഴി നൽകിയത്. കാർഗോ കോംപ്ലക്സിൽനിന്ന് പാഴ്സൽ കൈപ്പറ്റാനുള്ള പേപ്പറുകൾ കോൺസുലേറ്റുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരുന്നത് സ്വപ്നയാണെന്ന് അറിയാമെന്നും സൗമ്യ പറഞ്ഞു.
സരിത്തിനെതിരെയും റിപ്പോർട്ടിൽ കൂടുതൽ വെളിപ്പെടുത്തലുണ്ട്. പാഴ്സൽ സ്വീകരിക്കുന്നതിന് കോൺസുലേറ്റിന്റെ പണം അടയ്ക്കുന്നതിനുപകരം സരിത്ത് നേരിട്ട് തുക അടച്ചു. പാഴ്സൽ കൊണ്ടുപോ കുന്നതിന് കോൺസുലേറ്റിന്റെ വാഹനത്തിനുപകരം സ്വന്തം വാഹനം ഉപയോഗിച്ചതായും ഇത് രണ്ടും പതിവുനടപടിക്രമത്തിന് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വപ്‌നയുടെ ജാമ്യാപേക്ഷ നിലനിൽക്കില്ല
സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ വിശദമായ വാദത്തിനായി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന സ്വർണ കള്ളക്കടത്ത് അതീവ ഗൗരവതരമാണെന്ന് കസ്റ്റംസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ രാംകുമാറും വിശദീകരിച്ചു.
സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വീഡിയോ കോൺഫറൻസിൽ ജസ്റ്റിസ് അശോക് മേനോനാണ് പരിഗണിച്ചത്. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തുടങ്ങിയതായി കേന്ദ്രസർക്കാർ അറിയിച്ചു. സന്ദീപ്, സ്വപ്ന, സരിത്, ഫാസിൽ ഫരീദ് എന്നിവരെ പ്രതികളാക്കി വെള്ളിയാഴ്ച രാവിലെ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തതായും കേന്ദ്രസർക്കാർ വിശദീകരിച്ചു.
11-Jul-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ