പൊലീസിന്റെ ഏറ്റുമുട്ടല്‍കൊലയ്ക്ക് കുപ്രസിദ്ധമായ ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുന്നു. രാഷ്‌ട്രീയ നേതൃത്വവും വ്യവസായികളും ക്രിമിനലുമടങ്ങുന്ന മാഫിയ സംഘങ്ങൾ ധാരാളം. പൊലീസ് നടപടി ചെറുകിട ക്രിമിനൽ സംഘങ്ങള്‍ക്ക് നേരെമാത്രം. മുസ്ലിങ്ങളെയും പിന്നോക്ക സമുദായ അംഗങ്ങളെയും ലക്ഷ്യവച്ച ഏറ്റുമുട്ടലുകളാണ് കൂടുതലും. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം ആഗ്രസോണിൽമാത്രം 241 ഏറ്റുമുട്ടലുണ്ടായി. ഡിസംബർ 2019വരെ പൊലീസ് നടത്തിയ 5,178 ഏറ്റുമുട്ടലുകളിൽ 103 പേർ കൊല്ലപ്പെട്ടു.
ദിവസം ശരാശരി 12 ബലാത്സംഗം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരയും കുടുംബാംഗങ്ങളും പകൽവെളിച്ചത്തിൽ കൊല്ലപ്പെടുന്നതും സാധാരണസംഭവമായി. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുപ്രകാരം, സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഏറ്റവും കൂടുതല്‍ യുപിയില്‍. 2018ൽ 59,445 കേസ് രജിസ്‌റ്റർ ചെയ്‌തു. ഗ്രാമമുഖ്യന്റെയും പ്രബല സമുദായങ്ങളുടെയും ഭീഷണിയിൽ നിശബ്‌ദമാക്കപ്പെട്ട കേസുകൾ നിരവധി. രാജ്യത്ത് കൂട്ടബലാത്സംഗങ്ങളിൽ രണ്ടാമതാണ് യുപി (4,323 കേസ്). സ്‌ത്രീധന കൊല, കുട്ടികൾക്കും വയോധികർക്കുമെതിരായ ആക്രമണം തുടങ്ങിയവയും പെരുകുന്നു. 2017ൽ റിപ്പോര്‍ട്ട് ചെയ്തത് 4,324 കൊലപാതകം.
എട്ടു ലക്ഷത്തിന് വ്യാജ ഏറ്റുമുട്ടൽകൊല വ്യവസായ എതിരാളിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ആഗ്രസോണിലെ ചിത്രഹാട്ട് പൊലീസ് സ്‌റ്റേഷനിലെ സബ്‌ഇൻസ്‌പെക്‌ടർ എട്ടുലക്ഷം രൂപ ആവശ്യപ്പെടുന്നത് 2018ൽ ഇന്ത്യാടുഡേയുടെ സ്‌റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവന്നു. ലക്ഷ്യം വയ്‌ക്കുന്നയാളെ ബാങ്ക് കവർച്ചാ കേസിൽ കുടുക്കി കൃത്യം നടത്തിക്കൊടുക്കാമെന്നാണ് വ്യവസായി എന്ന് പരിചപ്പെടുത്തിയ മാധ്യമപ്രവർത്തകനോട് സബ്‌ഇൻസ്‌പെക്‌ടർ സമ്മതിച്ചത്. ഏറ്റുമുട്ടൽ കൊലയെ സ്ഥാനക്കയറ്റത്തിനും പ്രശസ്‌തിക്കുമുള്ള കുറുക്കുവഴിയായാണ് ഒരു വിഭാഗം പൊലീസുകാർ ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസം ഉന്നാവോയിൽ മണൽമാഫിയ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. ജീവൻ അപകടത്തിലാണെന്ന് മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി തൊട്ടടുത്ത ദിവസമാണ് കൊല. 2018ൽ ബിസാൽപുരിൽ ഖനന മാഫിയ മാധ്യമപ്രവർത്തകനെ വധിച്ചു. പ്രാദേശിക എംഎൽഎയും മന്ത്രിമാരും ഉള്‍പ്പെട്ട മാഫിയയാണ് കൊലയ്‌ക്കുപിന്നിലെന്ന് മാധ്യമപ്രവർത്തകന്റെ സഹോദരൻ വെളിപ്പെടുത്തി. യുപിയിൽ ക്രിമിനൽ എംഎൽഎമാരുടെ പട്ടികയിൽ ഒന്നാമത് ബിജെപിയാണ് (37 ശതമാനം). പീഡിനക്കേസ് പ്രതികളായ ചിന്മയാനന്ദ്, കുൽദീപ് സെൻഗാർ തുടങ്ങിയവർ ബിജെപിയുടെ ശക്തരായ നേതാക്കളായിരുന്നു.