കേരളത്തിലേക്ക്‌ എത്തുന്ന കള്ളക്കടത്ത്‌ സ്വർണത്തിന്റെ ഉറവിടമോ ലക്ഷ്യസ്ഥാനമോ കണ്ടെത്തണമെന്ന ആവശ്യം ലീഗും യുഡിഎഫും ഇതുവരെ ഉന്നയിച്ചിട്ടില്ല

സ്വർണക്കടത്തുകേസിൽ മുസ്ലിംലീഗ്‌ നേതാക്കൾക്കും പങ്കുള്ളതായി കസ്‌റ്റംസിന്റെ നിഗമനം. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയെത്തുന്ന സ്വർണം കൊടുവള്ളിയിലെത്തിച്ച്‌ ആഭരണമാക്കുന്നത്‌ ഇവരാണ്‌. വടക്കൻ കേരളത്തിൽ ഈ നീക്കം നിയന്ത്രിക്കുന്നത്‌ ലീഗിന്റെ ഒരു പ്രധാന നേതാവാണെന്നാണ്‌ അറസ്‌റ്റിലായ സരിത്തിൽനിന്ന്‌ ലഭിക്കുന്ന വിവരം. വിമാനത്താവളത്തിൽനിന്ന്‌ സ്വർണം കൊച്ചിയിലേക്കും കൊടുവള്ളിയിലേക്കും കടത്തിയിരുന്നത്‌ സന്ദീപ്‌ നായരാണ്‌. 

യുപിഎ സർക്കാരിന്റെ കാലത്ത്‌ കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയുള്ള കടത്തുമായി ബന്ധപ്പെട്ട്‌ മറ്റൊരു നേതാവിനെ ചുറ്റിപ്പറ്റിയും സംശയമുന ഉയരുന്നുണ്ട്‌. കോവിഡ്‌ ലോക്‌ഡൗണിന്റെ മറവിൽ എത്തിച്ച ചില പാഴ്‌സലുകൾക്കു പിന്നിലും ഇയാളുടെ സാന്നിധ്യമുണ്ടെന്നാണ്‌ വിലയിരുത്തൽ. ഇവരുടെ ഫോൺരേഖകൾ ഉൾപ്പെടെ കസ്‌റ്റംസ്‌ പരിശോധിക്കുകയാണ്‌. കോഴിക്കോട്‌ ജില്ലയിൽ സ്വർണം വിതരണം ചെയ്യുന്ന ഒരാൾ മറ്റൊരു ലീഗ്‌ നേതാവിന്റെ അകന്ന ബന്ധുവാണെന്നും വിവരമുണ്ട്‌. ഇയാളെ ചോദ്യംചെയ്യാനായി ഉടൻ കസ്‌റ്റഡിയിലെടുക്കുമെന്നാണ്‌ സൂചന. അതേസമയം, എൻഐഎ അന്വേഷണം പ്രഖ്യാപിച്ചതോടെ പലരും കുടുങ്ങുമെന്ന ആശങ്കയിലാണ്‌ ലീഗ്‌ നേതൃത്വം.

സംഭവത്തിൽ ഇതുവരെ കാര്യമായ പ്രതികരണങ്ങൾ നടത്താതിരുന്ന ലീഗ്‌ നേതൃത്വത്തിന്റെ മൗനം ഇത്‌ സൂചിപ്പിക്കുന്നുണ്ട്‌. ഈ അങ്കലാപ്പ്‌ പുറത്തു ‌കാട്ടാതിരിക്കാനാണ്‌ യുവജനസംഘടനയെ സമരത്തിനിറക്കിയതും. കേരളത്തിലേക്ക്‌ എത്തുന്ന കള്ളക്കടത്ത്‌ സ്വർണത്തിന്റെ ഉറവിടമോ ലക്ഷ്യസ്ഥാനമോ കണ്ടെത്തണമെന്ന ആവശ്യം ലീഗും യുഡിഎഫും ഇതുവരെ ഉന്നയിച്ചിട്ടില്ല. രണ്ടുവർഷത്തിനിടെ 240 തവണ കേരളത്തിലേക്ക്‌ സ്വർണക്കടത്ത്‌ നടന്നുവെന്ന്‌ വിവരം ലഭിച്ചതായാണ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വെള്ളിയാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. എന്നാൽ, ഈ സ്വർണം എവിടേക്കാണെന്ന ചോദ്യത്തിൽനിന്ന്‌ അദ്ദേഹവും ഒഴിഞ്ഞുമാറി.

11-Jul-2020