രാജസ്ഥാനും കോൺഗ്രസ്‌ പിടിവിടുന്നെന്ന്‌ സൂചന

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന് മാസങ്ങള്‍ മാത്രം പിന്നിടവെ സമാന പ്രതിസന്ധികളിലേക്ക് കടന്നിരിക്കുകയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസും. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. അതിനിടെ, സച്ചിന്‍ പൈലറ്റ് ബിജെപിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ലോക്‌ഡൗണ്‍ സയമത്ത് സമാന്തരമായി സച്ചിന്‍ പൈലറ്റ് ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന ഓഫര്‍ ബിജെപി മുന്നോട്ടുവെച്ചിട്ടില്ല. പൈലറ്റിനൊപ്പം ചില എംഎല്‍എമാരും ബിജെപിയോട് സംസാരിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരാറില്‍ ഇരുവരും എത്തിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

കോവിഡ് പ്രതിരോധത്തിലടക്കം ഗെലോട്ട് സ്വീകരിക്കുന്ന രീതികളോട് പൈലറ്റിനും സംഘത്തിനും വിയോജിപ്പുണ്ടെന്നാണ് വിവരം. സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്യാനും ബിജെപി മുതിര്‍ന്നേക്കുമെന്നാണ് സൂചന. കാരണം, ഗെലോട്ട് സര്‍ക്കാരിനെ ഏത് വിധേനയും താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

12-Jul-2020