മുസ്ലിംലീഗിലെ ഉന്നതരുമായി ബന്ധം, മാൻവേട്ട കേസുകളിലും പ്രതി
അഡ്മിൻ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്‌റ്റഡിയിലെടുത്ത പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി കെ ടി റമീസ് രാജ്യാന്തര സ്വർണക്കടത്ത് സംഘങ്ങളിലെ മുഖ്യകണ്ണി. ഇതിന് മുമ്പും പല കേസുകളിലും ഇയാൾ പ്രതിയാണ്. 2015 മാർച്ചിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണവുമായി ഇയാളെ പിടികൂടിയിരുന്നു. മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ട് കേസുകളും റമീസിന്റെ പേരിലുണ്ട്.
ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ, കരിപ്പൂർ, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താളവങ്ങൾ വഴി കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരവും കസ്‌റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ഇയാൾ സാമ്പത്തിക നിക്ഷേപമുണ്ട്.
മുസ്ലിംലീഗിലെ രണ്ട് ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് റമീസ്. ഉന്നത ലീഗ് നേതാക്കളുമായുള്ള അടുത്തബന്ധമാണ് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾക്ക് സഹായകരമായത്. ഉപ്പയുടെ പേരിലുള്ള തോക്കിന്റെ ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റി കിട്ടാൻ റമീസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയിരുന്നു. ലീഗ് നേതാക്കൾ ഇടപെട്ടിട്ടും ഇതിന് എസ്‌പി വഴങ്ങിയില്ല. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും അപേക്ഷ തള്ളി. നാട്ടിൽ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. റമീസിനെ കസ്റ്റംസ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന് കൈമാറിയേക്കും.