ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസർക്കാർ സംരക്ഷിക്കില്ല
അഡ്മിൻ
സ്വർണ്ണക്കടത്തു കേസിൽ നല്ല വേഗതയിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നിരിക്കെ എന്തിനാണ് വേവലാതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ മികച്ച അന്വേഷണ ഏജൻസിയാണ്. കുറ്റവാളി ആരായാലും സംസ്ഥാന സർക്കാർ സംരക്ഷിക്കില്ല. സ്‌പീക്കറെ അനാവശ്യ വിവാദത്തിൽ ഉൾപ്പെടുത്തുകയാണ്. മാസങ്ങൾക്കു മുമ്പ് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ എന്തിന് അവിശ്വാസം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകൾവച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തിൽ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആർക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്. നല്ല സ്പീഡിൽത്തന്നെ കാര്യങ്ങൾ നീങ്ങുകയല്ലേ. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജൻസി ഏറ്റവും പ്രമുഖ ഏജൻസികളിലൊന്നാണ്. എൻഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസർക്കാർ സംരക്ഷിക്കില്ല. അതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ്.
സാധാരണ ഗതിയിൽ സ്‌പീക്കർ എന്നത് ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുത്തേണ്ട ആളല്ല. സ്‌പീക്കറെ അനാവശ്യമായി വിവാദങ്ങളിൽ പെടുത്തുകയാണ്. മാസങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിലാണ് ഈ പ്രശ്നം. അന്ന് ഈ കൂട്ടർ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് എന്ന് ആർക്കും അറിയില്ല. അതിന്‍റെ പേരിൽ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ?
എന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാൾ, വിവാദവനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിർത്തിയത്. ഇത് യുഡിഎഫിന് സ്വപ്‌നം കാണാനാകുമോ? അതിനപ്പുറം കാര്യങ്ങൾ വരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കർശനനടപടിയുണ്ടാകും. അതിൽ സംശയമില്ല. ശിവശങ്കറിന്‍റെ കാര്യത്തിൽ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിർത്തിയത്. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്‌സിനെയും ചുമതലപ്പെടുത്തി. അതിൽ വീഴ്‌ചകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കൽപ്പത്തിനനുസരിച്ച് നടപടിയെടുക്കാൻ പറ്റില്ല. സാധാരണഗതിയിൽ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാൻ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തി. അതല്ലേ ഉണ്ടായത്. അതല്ലേ നമുക്ക് ചെയ്യാനാകുക.
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. തെറ്റുണ്ടായാൽ കർക്കശനടപടിയുണ്ടാകും. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ അതിനുള്ള കാര്യങ്ങൾ കണ്ടെത്തണം. അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് നാട്ടിൽ പരാതിയുയർന്നു. മറ്റ് പരാതികളുണ്ടെങ്കിൽ അത് ഒരു അന്വേഷണത്തിന്‍റെ ഭാഗമായി തെളിഞ്ഞ് വരണം. അന്വേഷണത്തെ വഴി തിരിച്ച് വിടണം. അന്വേഷണരീതിയെ വിശ്വസിച്ചുകൂടേ? അതിന്‍റെ ഫലം കാത്തിരുന്നുകൂടേ?
വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിയെടുക്കാൻ വസ്‌തുതകൾ വേണം. അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാൽ, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും. നയതന്ത്രതലത്തിലെ ഉദ്യോഗസ്ഥ ഇത്തരം നടപടിയുണ്ടാകും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നോ? ഇല്ലല്ലോ. ഗുരുതരമായ കേസാണ് പുറത്തുവന്നിരിക്കുന്നത്. തെളിവ് കിട്ടിയാൽ ശക്തമായ നടപടിയുണ്ടാകും.
13-Jul-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ