ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന് സുപ്രീംകോടതി. രാജകുടുംബത്തിന്റെ അപ്പീൽ അനുവദിച്ച് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. ക്ഷേത്ര ഭരണത്തിനായി ജില്ലാ ജഡ്‌ജി അധ്യക്ഷനായ താൽക്കാലിക സമിതിക്ക് തുടരാനും അനുമതി നൽകി. പുതിയ സമിതി വരുംവരെ താൽക്കാലിക സമിതിക്ക് തുടരാം. ഒരു രാജാവിന്റെ മരണത്തോടെ ക്ഷേത്രത്തിൽ രാജകുടുംബത്തിനുള്ള അധികാരം ഇല്ലാതാകില്ലെന്നും കോടതി പറഞ്ഞു.
ബി നിലവറ തുറക്കുന്ന കാര്യത്തിൽ ഭരണ സമിതിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ഭരണസമിതിയിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്‌തമാക്കി.
1991ൽ അവസാനത്തെ രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിന് ക്ഷേത്രഭരണത്തിൽ അവകാശം ഇല്ലാതാകും എന്ന ഹൈക്കോടതി വിധിക്കെതിരെയും ക്ഷേത്ര നിലവറകളിലുള്ള സ്വത്ത് പുറത്തേക്കുപോകാൻ സാധ്യതയുള്ളതിനാൽ, നിലവറകൾ തുറക്കരുതെന്നും ആവശ്യപ്പെട്ട് മുൻ രാജകുടുംബം നൽകിയ കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.
ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കൾ സംഭരിച്ച ആറു നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയ്‌ക്കകം സ്വദേശി പദ്മനാഭനാണ് ആദ്യം കേസ് നൽകിയത്. കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ നിലവറകളിലെ അമൂല്യവസ്തുക്കൾ തിട്ടപ്പെടുത്തണമെന്നും മുൻ രാജകുടുംബത്തിനുകൂടി പങ്കാളിത്തമുള്ള ട്രസ്റ്റ് രൂപീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനെതിരെയാണ് മുൻ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. നിലവറയിലെ അമൂല്യവസ്തുക്കൾ തിട്ടപ്പെടുത്താൻ സുപ്രീംകോടതി വിദഗ്ധസമിതിയെ നിയമിച്ചു. ക്ഷേത്രകാര്യങ്ങൾ പരിശോധിക്കാൻ അമിക്കസ് ക്യൂറിയായ സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ സുബ്രമണ്യത്തെയും നിയോഗിച്ചു. സാമ്പത്തിക തിരിമറികൾ അന്വേഷിക്കുന്നതിന് മുൻ സിഎജി വിനോദ് റായിയെയും ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്‌ജി ചെയർമാനായ അഞ്ചംഗ ഭരണസമിതിയെയും നിയോഗിച്ചിരുന്നു.
ബി നിലവറയായ ഭരതക്കോൺ തുറന്ന് തിട്ടപ്പെടുത്താൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. രാജകുടുംബം എതിർത്തതിനാൽ പിന്നീട് വിഷയം വിദഗ്ധസമിതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എ നിലവറയായ പണ്ടാരവകയും മറ്റ് നാല് നിലവറയും വിദഗ്ധസമിതി തുറന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നിട്ടും ബി നിലവറ തുറന്നില്ല. ഇതോടൊപ്പം എ നിലവറയിലുള്ള അമൂല്യവസ്തുക്കൾ എന്ത് ചെയ്യണമെന്നും ഉത്തരവിൽ കോടതി പരാമർശിക്കും. ക്ഷേത്ര ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഒഴിച്ച് എ, ബി നിലവറകളിലെ വസ്തുക്കൾ മ്യൂസിയമാക്കി പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ രാജകുടുംബം അനുകൂലിച്ചിട്ടുണ്ട്.