തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 301 പേർക്കാണ് രോഗബാധ
അഡ്മിൻ
സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ 12, ബിഎസ്എഫ് 5 ജവാന്മാര്‍, 3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്‌തതായി മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂർ തമ്പുരാൻപടി സ്വദേശി അനീഷ്, കണ്ണൂർ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദിൽ നിന്ന് വന്നതായിരുന്നു. ചികിത്സയിലുണ്ടായിരുന്ന 228 പേർ ഇന്ന് രോഗമുക്തി നേടി.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് - തിരുവനന്തപുരം 337, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂർ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13. ആകെ റിപ്പോർട്ട് ചെയ്ത 722 കേസിൽ 339-ഉം തിരുവനന്തപുരത്താണ്.
കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിൾ പരിശോധിച്ചു. 1,83,900 പേർ നിരീക്ഷണത്തിലുണ്ട്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5372 സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,68,128 സാമ്പിളുകൾ പരിശോധനക്കയച്ചു.
7797 സാമ്പിളിന്റെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 85767 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 81543 സാമ്പിളുകൾ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 10 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകൾ ഉണ്ട്. ശ്രദ്ധയിൽപെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാൻ സാധ്യത. എല്ലായിടത്തെയും ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണം.
ശാരീരിക അകലം നിർബന്ധമായി പാലിക്കണം. കൈ കഴുകൽ, മാസ്‌ക് ധരിക്കൽ എന്നിവ ശരിയായ രീതിയിൽ പിന്തുടരണം. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നൽകണം. കമ്പോളങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു. പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകൾ എത്തുന്ന ഇടങ്ങളിൽ രോഗം പടർന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുൻഗണന നൽകണം. ബ്രേക് ദി ചെയ്ൻ പ്രചാരണം വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം.
എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവർത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിക്കും. ഏത് നിമിഷവും സേവനം ലഭിക്കാൻ സേനയെ പോലെ സംവിധാനം ഉണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതിൽ സഹകരിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കും.
തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 301 പേർക്കാണ് രോഗബാധ. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേർ വേറെയും ഉണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. 91 പേർക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകൾ ഇന്ന് പരിശോധിച്ചപ്പോൾ 17 പേർക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തി.
ഗുരുതരമായ സാഹചര്യമാണ് അവിടെ. ഈ സ്ഥാപനത്തിൽ നിന്നും ഇനിയും ഫലം വരാനുണ്ട്. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വന്നുപോയത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ ജോലി ചെയ്യുന്നവർ ഏറെയും തമിഴ്‌നാട്ടുകാരാണ്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൂടുതൽ തമിഴ്നാട്ടുകാർ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിച്ചുണ്ട്.
തലസ്ഥാന നഗരിയിലാണ് ഈ അനുഭവം. നിയന്ത്രണം പാലിക്കാതെ ആളുകൾ കടയിൽ ചെന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ച് പോകുന്ന അവസ്ഥയാണ്. എല്ലാവരെയും ചിന്തിപ്പിക്കേണ്ട കാര്യമാണിത്. തലസ്ഥാനത്തിന്റ അനുഭവം മുൻനിർത്തി നടപടികൾ പുനക്രമീകരിക്കും. തലസ്ഥാനത്തെ ആർക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെയേ വ്യക്തമാകൂ. ഈ ദിവസങ്ങളിൽ ഈ കടയിൽ പോയി തുണി വാങ്ങിയവർ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ബന്ധപ്പെടണം. പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണം.
എറണാകുളത്ത് ഇന്ന് 57 പേർക്ക് രോഗം ബാധിച്ചു. ഇതിൽ പുറത്ത് നിന്ന് വന്നവർ ആറ് പേർ മാത്രമാണ്. 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ജില്ലയിൽ മൂന്ന് സ്ഥലങ്ങളിൽ കൂടി കണ്ടെയ്ൻമെന്റ് സോണായി. എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റാരംഭിക്കാൻ നിർദ്ദേശം നൽകി.
കോഴിക്കോട് രണ്ട് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. അയ്യായിരം പേർക്ക് ചികിത്സയ്ക്ക് സൗകര്യം ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആലപ്പുഴയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കാൻ ഓഡിറ്റോറിയങ്ങളും സ്കൂളുകളും കണ്ടെത്താൻ നിർദ്ദേശം നൽകി. ഐടിബിപി ക്യാംപിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചു.
16-Jul-2020