കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗം നടത്തിയതിന് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 30 പേർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ച് വരുന്ന തൂണേരിയിൽ ജൂലൈ അഞ്ചിനാണ് പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി കൂടാതെ ലീഗ് പ്രവർത്തകയോഗം നടത്തിയത്.
യോഗത്തിൽ പങ്കെടുത്ത പ്രധാന നേതാക്കളെല്ലാം രോഗബാധിതരാണിപ്പോൾ. നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റ് കെ പി സി തങ്ങളും മുൻ പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദും സ്വാഗതം പറഞ്ഞ അധ്യാപകനും രോഗം സ്ഥിരീകരിച്ചു. ഭരണസമിതി അംഗങ്ങളുൾപ്പെടെ പരസ്യമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. അണിയാരത്തെയും പേരോട്ടേയും മരണവീടുകൾ സന്ദർശിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ഇതുമാത്രമല്ല പടരാൻ കാരണമെന്നാണ് പുതിയ കണ്ടെത്തൽ.
ലീഗിന്റെയും ഭരണസമിതിയുടെയും വികല ഇടപെടൽ നാടിനെയാകെ രോഗക്കെടുതിയിലെത്തിച്ചതിന്റെ ദുരന്തമാണ് തൂണേരി ഇപ്പോൾ അനുഭവിക്കുന്നത്. ആന്റിജൻ പരിശോധനയിൽ തൂണേരിയിൽ 53 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പർക്കത്തിൽ വരുന്ന 400 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്.