മഹാമാരി അഴിഞ്ഞാടുമ്പോൾ സ്തംഭിച്ചുനിന്നിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം എവിടെയുമുണ്ടാകാം. ഏത് പ്രദേശത്തിനും രോഗത്തെ തടയാനും കഴിയും. പാലക്കാട്ട് രൂക്ഷമായിരുന്ന സമ്പർക്കവ്യാപനം കുറഞ്ഞു. ഇത് ആശ്വാസകരമാണ് –- മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ പത്തു ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളവും അടിയന്തരഘട്ടത്തിലേക്കു കടക്കുകയാണ്. ജീവന്റെ വിലയുള്ള ജാഗ്രത വേണം. ചിലയിടത്ത് ജാഗ്രത കാറ്റിൽപ്പറത്തുന്ന രീതിയിലുള്ള തിക്കും തിരക്കുമുണ്ടായി. എറണാകുളത്തും വടക്കൻ ജില്ലകളിലും ബസുകളിൽ അമിതമായി തിരക്കുണ്ട്. ഇത് തടയണം. നാടും നാട്ടുകാരും ഒരുമിച്ചുനിന്ന് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കണം.
ആശുപത്രികളിൽ രോഗം പകരുന്നത് ദൗർഭാഗ്യകരമാണ്. ഇക്കാര്യം പരിശോധിച്ച് കരുതൽ നടപടി സ്വീകരിക്കും. യോഗ്യരായ ഡോക്ടർമാരും നേഴ്‌സുമാരും മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടെ എല്ലാവരും കോവിഡ് പ്രതിരോധത്തിന് സ്വയംസന്നദ്ധരായി രംഗത്തിറങ്ങേണ്ട ഘട്ടമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കാത്ത 4944 സംഭവം സംസ്ഥാനത്തുണ്ടായി. ക്വാറന്റൈൻ ലംഘിച്ച 12 പേർക്കെതിരെ ഇന്ന് കേസെടുത്തു.
പുതിയ 20 ഹോട്ട്‌സ്‌പോട്ട് സംസ്ഥാനത്ത് പുതിയ 20 പുതിയ ഹോട്ട് സ്‌പോട്ടുകൂടി. പത്തനംതിട്ട കലഞ്ഞൂർ (കണ്ടെയ്‌ൻമെന്റ് സോൺ: വാർഡ് അഞ്ച്, ആറ്), പ്രമദം (10), അടൂർ മുനിസിപ്പാലിറ്റി (24, 26), അയിരൂർ (15), താന്നിത്തോട് (മൂന്നുമുതൽ എട്ടുവരെ), തൃശൂർ ഗുരുവായൂർ മുനിസിപ്പാലിറ്റി (35), വേളൂക്കര (അഞ്ച്, ഏഴ്), ചൊവ്വന്നൂർ (ഒന്ന്), പാലക്കാട് പെരുവെമ്പ (ഒന്ന്), തെങ്കര (അഞ്ച്), ശ്രീകൃഷ്ണപുരം (രണ്ട്), കോട്ടയം ടിവി പുരം (10), കുമരകം (നാല്), പള്ളിക്കത്തോട് (ഏഴ്), കൊല്ലം മേലില (രണ്ട്, 15), വെട്ടിക്കവല (എല്ലാ വാർഡും), ഇടുക്കി വാഴത്തോപ്പ് (നാല്), മരിയാപുരം (അഞ്ച്, 10, 11), വയനാട് കൽപ്പറ്റ (18-–- റാട്ടക്കൊല്ലി പണിയ കോളനി), എടവക (രണ്ട്). ആകെ 285 ഹോട്ട് സ്‌പോട്ട്.