അറസ്റ്റിലാകുമ്പോൾ പിടിച്ചെടുത്ത ട്രോളി ബാഗിൽ നിരവധി രേഖകൾ
അഡ്മിൻ
സ്വർണക്കടത്തു കേസിലെ നിർണായക തെളിവുകൾക്കായി നാലാംപ്രതി സന്ദീപ് നായരുടെ ബാഗിലെ ലാപ്ടോപ്പും സിഡികളും എൻഐഎ പരിശോധിക്കും. ബംഗളൂരുവിൽ അറസ്റ്റിലാകുമ്പോൾ സന്ദീപ് നായരുടെ പക്കൽനിന്ന് പിടിച്ചെടുത്ത ട്രോളി ബാഗിലാണ് ലാപ്ടോപ്പും ഏതാനും സിഡികളും സൂക്ഷിച്ചിരുന്നത്. ബാഗ് കഴിഞ്ഞദിവസം പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ തുറന്ന് ഉള്ളടക്കത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച വൈകിട്ട് എൻഐഎ കോടതിയിൽ ആരംഭിച്ച പരിശോധന അർധരാത്രിയോടെയാണ് പൂർത്തിയായത്. രേഖകളുടെ വിശദമായ പരിശോധനയ്‌ക്ക് എൻഐഎ അനുമതി തേടിയിട്ടുണ്ട്.
സന്ദീപ് പ്രതിയാണെന്ന് അറിഞ്ഞ ഉടനെ പ്രധാന രേഖകൾ ബാഗിൽ നിറച്ചാണ് തിരുവനന്തപുരത്തുനിന്ന് മുങ്ങിയത്. പേപ്പർ ഫയലുകളും ബാങ്ക് രേഖകളും ബാഗിൽ കുത്തിനിറച്ച നിലയിലായിരുന്നു. പത്തോളം വ്യത്യസ്ത ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്റെ രേഖകൾ, പാസ്ബുക്കുകൾ, സ്വകാര്യ പണമിടപാടുകൾക്കായി തയ്യാറാക്കിയ കരാറുകൾ, സ്ഥലമിടപാടിന്റെ രേഖകൾ, വീടുകളുടെയും സ്ഥലത്തിന്റെയും പ്രമാണങ്ങൾ, കെട്ടിടങ്ങളും കടമുറികളും വാടകയ്ക്കും പണയത്തിനും നൽകിയതിന്റെ കരാറുകൾ, ലാപ്ടോപ് തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്. ഏതാനും സീലുകളും കണ്ടെടുത്തു.
അന്വേഷണ ഉദ്യോഗസ്ഥരുടെയും ഇരുവിഭാഗത്തിന്റെ അഭിഭാഷകരുടെയും സാന്നിധ്യത്തിൽ എല്ലാറ്റിന്റെയും പട്ടിക തയ്യാറാക്കി. ബാഗ് കോടതിയുടെ കസ്റ്റഡിയിലാക്കി. അനുമതി ലഭിക്കുന്നമുറയ്‌ക്ക് എൻഐഎ ഇവ വിശദമായി പരിശോധിക്കും. ലാപ്ടോപ്പിലും സിഡികളിലും സ്വർണ ഇടപാടിന്റെ രഹസ്യവിവരങ്ങൾ ഉണ്ടാകുമെന്നാണ് എൻഐഎ കോടതിയെയും അറിയിച്ചത്.