ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യംചെയ്യുക
അഡ്മിൻ
അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ നാലുപേരെ പൊലീസ് ചോദ്യംചെയ്യും. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യംചെയ്യുക. ഇവർക്കെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനാണ് കേസ്.
പെൺകുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടുകളിലായി ഒരുകോടി 35 ലക്ഷം രൂപ എത്തിയിരുന്നു. ആവശ്യത്തിന് പണം എത്തിയപ്പോൾ തന്നെ ഇനി അയക്കേണ്ടന്ന് സോഷ്യൽമീഡിയിലൂടെ പെൺകുട്ടി അറിയിച്ചിരുന്നു. എന്നാൽ വീണ്ടും പണം എത്തിയതോടെ ഇരുവരും അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
ഇത്രയധികം പണംവന്ന സാഹചര്യത്തിൽ കേസിൽ ഹവാല ഇടപെടലുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതുവരെ അത്തരം സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ചുമതലയുള്ള എസ്ഐ ലിജോ ജോസഫ് പറഞ്ഞു. സാജൻ കേച്ചേരി ഫോണിൽ വിളിച്ചശേഷം ഫിറോസും പണം ആവശ്യപ്പെട്ട് വിളിച്ചതായി പെൺകുട്ടിയുടെ മൊഴിയിലുണ്ട്. ഈ സാഹചര്യത്തിൽ ഫിറോസും സാജനും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കും.
ജൂൺ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് വർഷ ഫെയ്സ്ബുക്കിൽ ലൈവിൽ എത്തുന്നത്. വർഷയ്‌ക്ക് സഹായവുമായി തൃശ്ശൂർ സ്വദേശി സാജൻ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോൾ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വർഷയോട് സന്നദ്ധപ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പെൺകുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കി. പിന്നീട് ചികിത്സാ സഹായത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു.