രാജ്യത്ത് രോഗവ്യാപനം തീവ്രമായി നിൽക്കുമ്പോഴാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

കോവിഡ് 19 മഹാമാരിയെ നേരിടാൻ പശുവിന്റെ മൂത്രം കുടിച്ചാൽ മതിയെന്ന് ബിജെപി പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്. രാജ്യത്ത് രോഗവ്യാപനം തീവ്രമായി നിൽക്കുമ്പോഴാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന. ഗോമൂത്രം കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ദിലീപ് ഘോഷിന്റെ വാദം. വീട്ടിലെ 'പൊടിക്കൈ'കളിലൂടെ കോവിഡിനെ തുരത്തുന്നതിന്റെ പ്രാധാന്യം വിവരിക്കുന്ന വീഡിയോ സന്ദേശത്തിലാണ് ബിജെപി നേതാവിന്റെ അശാസ്ത്രീയ പ്രചരണം.

കഴുതകൾക്ക് പശുവിന്റെ മാഹാത്മ്യം അറിയില്ല. ഇത് ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഇന്ത്യയാണ്. ആരോഗ്യത്തോടെയിരിക്കാൻ നാമെല്ലാം ഗോ മൂത്രം കുടിക്കണം.-ദിലീപ് വീഡിയോ സന്ദേശത്തിൽ പറയുന്നു.

ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ നിരവധിപേർ രംഗത്തെത്തി. മുഴുവൻ ആരോഗ്യപ്രവർത്തകരെയും ശാസ്ത്രീയ മാർഗങ്ങളെയും അപഹസിക്കുന്ന പ്രചരണമാണ് ഇയാൾ നടത്തിയതെന്ന് ആരോപണമുയരുന്നുണ്ട്.

 

18-Jul-2020