തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വ്യാജ ദൃശ്യങ്ങൾ സഹിതം മനോരമ സംപ്രേഷണം ചെയ്തത്
അഡ്മിൻ
എറണാകുളം മെഡിക്കൽ കോളേജിനെതിരെ വ്യാജവാർത്തയും ദൃശ്യങ്ങളും നൽകിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ. മറ്റേതോ ആശുപത്രിയിലെ വാർഡിൻറെ ദൃശ്യങ്ങൾ കാണിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾ ദുരിതമനുഭവിക്കുകയാണെന്ന സ്‌തോഭജനകമായ വാർത്ത നൽകി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മനോരമ ശ്രമിച്ചത്.
പുരുഷൻമാരെയും സ്ത്രീകളെയും ഒരേ വാർഡിൽ കിടത്തിയിരിക്കുന്നു, രോഗികൾ തമ്മിൽ അകലം പാലിക്കുന്നില്ല, പ്രായാധിക്യവും ഗുരുതരാവസ്ഥയുമുള്ള രോഗിയുടെ തൊട്ടടുത്ത് മാനസികവൈകല്യമുള്ള കൈകാലുകൾ കെട്ടിയ കുട്ടിയെ കിടത്തിയിരിക്കുന്നു, മെഡിക്കൽ കോളേജിൽ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരുന്നിട്ടും രോഗികളെ ദുരിതത്തിലാക്കുന്നു തുടങ്ങി തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വ്യാജ ദൃശ്യങ്ങൾ സഹിതം മനോരമ സംപ്രേഷണം ചെയ്തത്.
എറണാകുളം മെഡിക്കൽ കോളേജിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരുടെ വക്താക്കളായി മനോരമ ന്യൂസ് പ്രവർത്തിക്കുന്നതിൻറെ തുടർച്ചയായാണ് ഈ വ്യാജ വാർത്ത സംപ്രേഷണം ചെയ്തിരിക്കുന്നത്. ഇതിനു മുമ്പും തെറ്റായ വാർത്തകൾ നൽകിയിട്ടുള്ള ചാനൽ ഇതു സംബന്ധിച്ച് മെഡിക്കൽ കോളേജ് നൽകുന്ന വിശദീകരണങ്ങൾ സമൂഹമധ്യത്തിലെത്തിക്കുകയെന്ന മാധ്യമധർമം നിറവേറ്റിയിട്ടില്ല. ഈ സാഹചര്യത്തിൽ ചാനൽ നടത്തിയ അധാർമിക പ്രവർത്തനം സംബന്ധിച്ച് പൊലീസിനും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും പരാതി നൽകാൻ മെഡിക്കൽ കോളേജ് നിർബന്ധിതമായിരിക്കുകയാണെന്ന് സുപ്രണ്ട് അറിയിച്ചു. വ്യാജവാർത്ത സംപ്രേഷണം ചെയ്ത നടപടി സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് ചികിത്സയും ഗവേഷണവും അടക്കമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും അന്തർദേശീയ മാധ്യമങ്ങളുടെയടക്കം അംഗീകാരം നേടിയെടുക്കുകയും ചെയ്ത എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ ഇത്തരത്തിൽ തുടർച്ചയായി ഒരു ചാനൽ വ്യാജവാർത്തകൾ സംപ്രേഷണം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഈ ചാനലിൻറെ മേധാവികൾ വ്യക്തമാക്കണെന്നും മെഡിക്കൽ കോളേജ് തകർന്നു കാണാൻ ആഗ്രഹിക്കുന്നവരുടെ വക്താക്കളായി ഒരു മാധ്യമസ്ഥാപനം പ്രവർത്തിക്കുന്നതിൽ ദുഃഖവമുണ്ടെന്നും അദികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.