അപവാദ പ്രചരണത്തിലൂടെ ഭീതി വിതയ്ക്കരുതെന്ന് അധികൃതർ
അഡ്മിൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിസന്ധിയുണ്ടെന്ന മട്ടിൽ ചിലർ നടത്തുന്ന അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തും വിധം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിസന്ധി എന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയായി ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ മറ്റേത് ആരോഗ്യ പ്രവർത്തകരെയും പോലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും ക്വാറന്റൈനിൽ പോകേണ്ടി വരും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാർഡിലെ രണ്ട് രോഗികളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചികിത്സാ കാലയളവിൽ കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഇവരുടെ ഫലം പോസിറ്റീവായത്. അതു കൊണ്ടു തന്നെ അത്രയും ദിവസം ഈ രോഗികളെ പരിചരിച്ച ഡോക്ടർമാരും മറ്റും സ്വാഭാവികമായും ക്വാറന്റൈനിൽ പോയിട്ടുണ്ട്.
എന്നാൽ രോഗികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ പകരം സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആശുപത്രി പരിസരങ്ങളിലും ഹോട്ട് സ്‌പോട്ടുകളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രിയ്ക്കുള്ളിലും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. ആശുപത്രിയിലെത്തുന്ന രോഗികൾക്കു വേണ്ടി പ്രത്യേകം ഒ പി സംവിധാനം ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. അവിടെ നടക്കുന്ന ആദ്യ പരിശോധന നെഗറ്റീവാണെങ്കിലും തുടർന്നുള്ള ഫലങ്ങൾ മാറി വരാറുണ്ട്. അതു കൊണ്ടു തന്നെ ഓരോ രോഗിയെയും കോവിഡ് രോഗിയ്ക്കു വേണ്ട കരുതലും അതേ സമയം അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ രോഗവ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ഒപിയിലെ തിരക്ക് കുറയ്ക്കാനും അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വയ്ക്കാനും സന്ദർശകരെ പൂർണമായി ഒഴിവാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്ന യാഥാർത്ഥ്യം മറച്ചു വച്ചു കൊണ്ടാണ് വ്യാജ പ്രചരണങ്ങളുടെ കെട്ടഴിച്ചുവിടുന്നത്. കോവിഡ് രോഗവ്യാപനം അമർച്ച ചെയ്യാൻ ആരോഗ്യ പ്രവർത്തകർ നടത്തുന്ന വിശ്രമരഹിതമായ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നടത്തുന്ന അപവാദ പ്രചരണത്തിന് പിന്നിൽ ഗൂഢലക്ഷ്യമാണുള്ളത്.
രോഗികളുടെയും അതുപോലെ തന്നെ ജീവനക്കാരുടെയും സുരക്ഷയ്ക്കായും സ്വീകരിച്ച നടപടികൾ ഫലപ്രദമായി മുന്നോട്ടു പോകുമ്പോൾ തന്നെ ജീവനക്കാരുടെ ചില പ്രതിപക്ഷ സംഘടനാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വ്യാജ പ്രചരണങ്ങളിലൂടെ ജനങ്ങളിൽ ഭീതി വിതയ്ക്കാൽ തടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്ന് സൂപ്രണ്ട് അറിയിച്ചു.