നവവരനായ ഡോക്‌ടർക്ക് കോവിഡ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡോക്‌ടറായ മകന്റെ വിവാഹം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ചെക്യാട് മണ്ഡലം  കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കല്ലുകൊത്തിയിൽ അബുബക്കറിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്.

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടറായിരുന്ന നവവരന് ചൊവ്വാഴ്ച കോവിഡ്  സ്ഥിരീകരിച്ചതോടെ സംഭവം വിവാദമായത്. ജൂലൈ ഒൻപതിനായിരുന്നു വിവാഹം. വിവാഹത്തിന്  200 ഓളം പേരെ പങ്കെടുപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിൽ. ഖത്തർ ഇൻകാസ് നേതാവും പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ അടുപ്പക്കാരനുമായ ഉസ്മാന്റെ സഹോദരാണ് അബുബക്കർ.

കെ മുരളീധരൻ എം പി ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് യുഡിഎഫ് നേതാക്കളെല്ലാം വരന് ആശംസ അറിയിക്കാൻ എത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കോഴിക്കോട് നഗരത്തിൽ താമസിക്കുന്നയാൾ കഴിഞ്ഞ വെള്ളിയാഴ്ച്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ചെക്യാട് പഞ്ചായത്തിലെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. വ്യാഴാഴ്ച്ച സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആന്റിജൻ പരിശോധ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം.

22-Jul-2020