പുതുക്കിയ തീയതിപ്രകാരം അടുത്തവർഷം ഒക്‌ടോബർ–-നവംബർ മാസങ്ങളിൽ ലോകകപ്പ് നടക്കും
അഡ്മിൻ
ഒടുവിൽ പ്രഖ്യാപനം വന്നു. ട്വന്റി–-20 ക്രിക്കറ്റ് ലോകകപ്പ് അടുത്തവർഷത്തേക്ക് മാറ്റി. ഒക്‌ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യോഗമാണ് തീരുമാനമെടുത്തത്.
പുതുക്കിയ തീയതിപ്രകാരം അടുത്തവർഷം ഒക്‌ടോബർ–-നവംബർ മാസങ്ങളിൽ ലോകകപ്പ് നടക്കും. നവംബർ 14ന് ഫൈനൽ. ഇന്ത്യയിൽ അടുത്തവർഷം നടക്കേണ്ടിയിരുന്ന ട്വന്റി–-20 ലോകകപ്പ് 2022ലേക്ക് മാറ്റി. ഈ രണ്ട് ലോകകപ്പുകളുടെയും വേദികൾ സാഹചര്യം വിലയിരുത്തി നിശ്‌ചയിക്കാമെന്നാണ് തീരുമാനം. ഏകദിന ലോകകപ്പ് 2023 ഒക്‌ടോബർ–-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കും. നവംബർ 26നാണ് ഫൈനൽ. 2021 ഫെബ്രുവരിയിൽ ന്യൂസിലൻഡിൽ നടക്കേണ്ട വനിതാ ലോകകപ്പിൽ തൽക്കാലം മാറ്റമില്ല. നിലവിലെ സാഹചര്യത്തിൽ ട്വന്റി–-20 ലോകകപ്പ് നടത്താനാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഐസിസി തീരുമാനം.
ലോകകപ്പ് മാറ്റിയാൽ ഐപിഎൽ ക്രിക്കറ്റ് നടത്താമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിലപാട്. യുഎഇയിൽ സെപ്‌തംബർ 26 മുതൽ നവംബർ എട്ടുവരെ ഐപിഎൽ നടത്താനാണ് നീക്കം. കോവിഡ് പടർന്നതിനാൽ ഇന്ത്യയിൽ കളി സാധ്യമല്ല. വലിയ നഷ്‌ടമുണ്ടാകുമെന്നതിനാൽ കളി ഉപേക്ഷിക്കാൻ ബിസിസിഐയും ഒരുക്കമല്ല. അതിനാൽ 44 ദിവസത്തിനുള്ളിൽ 60 കളി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് ബിസിസിഐ അറിയിപ്പ് ഉടനെയുണ്ടാകും.