ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ബുധനാഴ്‌ച രാത്രി എട്ടുവരെ 1,51,35,618 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് മാസത്തിലധികമായി ഭീതിവിതയ്‌ക്കുന്ന രോഗത്തിൽ പൊലിഞ്ഞതാകട്ടെ 6,20,492 ജീവൻ. 4.09 ശതമാനമാണ് ആഗോള മരണനിരക്ക്. 92 ലക്ഷത്തോളം ആളുകൾ രോഗമുക്തരായി.
കോവിഡിനെതിരെ ഓക്സ്‌ഫഡ് സർവകലാശാലയും ചൈനയും മറ്റും വികസിപ്പിച്ച വാക്‌സിൻ മനുഷ്യരിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വിജയിച്ചത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അമേരിക്കയിൽ മരണം 1.45 ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച മാത്രം 1,119 പേരാണ് മരിച്ചത്. രോഗവ്യാപനത്തിൽ രണ്ടാമതുള്ള ബ്രസീലിൽ 22 ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 82000 കടന്നു.
അമേരിക്കയിലെ പ്രതിദിന മരണനിരക്ക് ചൊവ്വാഴ്‌ചയും ആയിരം കടന്നു. മരിക്കുന്നവരുടെ ശരാശരി പ്രായം 78 ആണെന്നും അതിൽ പകുതിയോളം പേരും മറ്റ് രോഗങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലുള്ളവരാണെന്നുമാണ് പ്രസിഡന്റ് ട്രംപിന്റെ വാദം.