സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. 798 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.
5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു. മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്‌മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ.
ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആണ്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്നത്തെ 222ൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്ത കേസുകൾ 16. ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കും. നഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് രോഗം സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പടെ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. പൊതുവിൽ വേണ്ട കരുതലിനെ സൂചിപ്പിക്കുന്നതാണിത്. കഴിഞ്ഞ ദിവസം ചാല മാർക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
തീരദേശത്തടക്കം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മത്സ്യബന്ധന നിരോധനം ജൂലൈ 29 വരെ നീട്ടി. കൊല്ലത്ത് 106ൽ പുറത്ത് നിന്ന് വന്നത് രണ്ട് പേർ മാത്രം. 94 പേർ സമ്പർക്കം. ഉറവിടമറിയാത്തത് 9 കേസുകളാണ്. രോഗവ്യാപന സാധ്യതയുള്ള കിഴക്കൻ മേഖല, തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും. ചങ്ങനാശ്ശേരി മാർക്കറ്റിൽ വ്യാപാരികളായ പത്തനംതിട്ട തിരുവല്ല സ്വദേശികളായ നാല് പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായി. ഇതിനെത്തുടർന്ന് തിരുവല്ല നഗരസഭ പരിധി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ 82ൽ 40 സമ്പർക്കം. വണ്ടാനം ഗവ. ഡിഡി കോളേജിൽ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 9 ഡോക്‌ടർമാരും 15 ജീവനക്കാരും ക്വാറന്റീനിലായി. ചേർത്തലയുടെ തീരപ്രദേശത്ത് വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തിവരുന്നു.