പെരുന്നാള്‍ നമസ്‍ക്കാരം പള്ളികളില്‍ മാത്രം

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഘോഷം നടക്കുക കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മുഖ്യമന്ത്രി.  മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന്നാള്‍ ആഘോഷത്തിന് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ബലിപെരുന്നാള്‍ അടുത്ത  സാഹചര്യത്തില്‍ മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച  നടത്തി. സര്‍ക്കാരിന് എല്ലാ പിന്തുണയും നേതാക്കള്‍ വാഗ്ദാനം ചെയ്‌തിട്ടുണ്ട്. പരമാവധി ആഘോഷങ്ങള്‍ ചുരുക്കി ചടങ്ങുകള്‍ മാത്രം നിര്‍വ്വഹിക്കുക എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ നമസ്‍ക്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല.

സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. പരമാവധി നൂറുപേര്‍, അതില്‍ അധികം ആളുകള്‍ പാടില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ബലികര്‍മ്മവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനും ധാരണായിട്ടുണ്ട്. ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുണ്ടാകണം. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേനില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

23-Jul-2020