വിമാനത്താവളത്തിൽ ബഗേജ് പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ മാറ്റിയതായും വിവരം ലഭിച്ചു
അഡ്മിൻ
സ്വർണമടങ്ങിയ ബാഗുകൾ സ്വപ്‌ന സുരേഷിന്റെ ഫ്ലാറ്റിൽ എത്തിച്ചിരുന്നതായി തെളിവ്. സരിത്, സ്വപ്‌ന, സന്ദീപ് എന്നിവർ ബാഗുമായി ഫ്ലാറ്റിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. രാത്രിയിൽ ഉൾപ്പെടെ ബാഗുകളുമായി ഇവർ എത്തിയിട്ടുണ്ട്. ഒരുമാസംമുമ്പാണ് അമ്പലമുക്കിലെ ഫ്ലാറ്റ് സ്വപ്‌ന വാടകയ്‌ക്ക് എടുത്തത്. സരിത്തും സ്വപ്‌നയും ചേർന്നാണ് ഫ്ലാറ്റ് നോക്കാൻ ആദ്യം വന്നത്. പിന്നീട് കുടുംബസമേതം സ്വപ്‌ന ഇവിടേക്ക് താമസം മാറി. ഭൂരിഭാഗം ദിവസവും സന്ദീപും സരിത്തും ഫ്ലാറ്റിൽ എത്താറുണ്ടായിരുന്നു.
രാവിലെ ഇവിടെനിന്നാണ് സ്വപ്‌ന ജോലിക്ക് പോയിരുന്നത്. ആ സമയങ്ങളിൽ ഹാൻഡ് ബാഗ് മാത്രമാണ് ഉണ്ടാകുക. എന്നാൽ, ചില ദിവസങ്ങളിൽ തിരിച്ചെത്തുമ്പോൾ ഇതിനു പുറമെ മറ്റൊരു ബാഗും കൈവശമുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇത് ശരിവയ്‌ക്കുന്ന മൊഴികൾ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.
വിമാനത്താവളത്തിൽ ബഗേജ് പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ മാറ്റിയതായും വിവരം ലഭിച്ചു. ഒളിവിൽ പോകുന്നതിനുമുമ്പ് അറ്റാഷെയുമായി കൂടിക്കാഴ്‌ച നടത്തിയ സ്വപ്‌ന പിന്നീട് ഫ്ലാറ്റിലെത്തി കംപ്യൂട്ടർ, ലാപ്‌ടോപ് എന്നിവയിൽ സൂക്ഷിച്ചിരുന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ചില ചിത്രങ്ങളും നശിപ്പിച്ചു.