കോവിഡ് ജാഗ്രത പ്രതിപക്ഷം അട്ടിമറിച്ചു
അഡ്മിൻ
സർക്കാരിനെതിരെ നുണപ്രചരണം നടത്താൻ കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഒരേ ആക്രമണ തന്ത്രമാണ് ഇരുവരും അഴിച്ചുവിടുന്നത്. ആയിരം നുണകൾ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കുക എന്ന രീതിയാണ് അവർ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യയിൽ മറ്റ് സംസ്‌ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. മധ്യപ്രദേശ്, രാജസ്‌ഥാൻ,കർണാടക എന്നിവിടങ്ങളിലെല്ലാം ഈ ശത്രുത കാണാം. എന്നാൽ കേരളത്തിൽ അവർ ഒരേ മനസോടെ ഒരേ അജണ്ടയാണ് നടപ്പാക്കുന്നത്.
രാവിലെ ബിജെപി അധ്യക്ഷൻ പത്രസമ്മേളനം നടത്തി പറയുന്ന അതേ കാര്യമാണ് ഉച്ചക്ക് പ്രതിപക്ഷനേതാവും പറയുന്നത്. ആർഎസ്‌എസിന് വേണ്ടപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയിരിക്കയാണ്. ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നേതൃത്വത്തിലില്ലാത്ത ഒരു യുഡിഎഫ് ആണ് ആർഎസ്‌എസിന് ആവശ്യം. അതിനായി അവർ ചെന്നിത്തലയെ പ്രോൽഹിപ്പിക്കുന്നു. അത് ശരിയാണോയെന്ന് കോൺഗ്രസുകാരാണ് ആലോചിക്കേണ്ടത്.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സമ്പൂർണ ലോക് ഡൗൺ വേണമോയെന്നത് ഇന്ന് ചേരുന്ന സർവ്വകക്ഷിയോഗത്തിലെ നിർദ്ദേശങ്ങളും പരിഗണിച്ചാകും സർക്കാർ തീരുമാനിക്കുകയെന്നും കോടിയേരി പറഞ്ഞു.
സർക്കാർ ഈ നുണപ്രചാരങ്ങളുടേയും വിവാദങ്ങളുടേയും പിറകേ പോകാനില്ല. സമയബന്ധിതമായി വികസന പദ്ധതികൾ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. പൊതുജനങ്ങൾക്കായുള്ള ഒരു വികസന പദ്ധതിക്‌ളും മാറ്റിവെയ്‌ക്കാനും തീരുമാനിക്കുകയില്ല.നുണപ്രചരണങ്ങളിലൂടെ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ അവർക്ക്‌തന്നെ തിരിച്ചടിയായിരിക്കുകയാണ്.
എൻഐഎക്ക് എവിടെവേണമെങ്കിലും അന്വേഷിക്കാനുള്ള അധികാരമുണ്ട്. സർക്കാർ അതിനെ സ്വാഗതം ചെയ്‌തതുമാണ്.അന്വേഷണങ്ങളിലൂടെ സത്യാവസ്‌ഥ കണ്ടെത്തി പുകമറകൾ മാറുകയാണ് വേണ്ടത് എന്നും കോടിയേരി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്യുന്നത് സർക്കാരിനേയോ പാർടിയേയോ ബാധിക്കില്ല. അത് വ്യക്തിപരമായി ശിവശങ്കരനെ മാത്രം ബാധിക്കുന്ന കാര്യമാണ്.
പദ്ധതി നിർവഹണങ്ങളിൽ കൺസൾട്ടൻസിയെ പൂർണമായി ഒഴിവാക്കണമെന്ന നിർദ്ദേശം പാർടി ഇതുവരെ സ്വീകരിച്ചിട്ടില്ല. കൺസൾട്ടൻസികളെ തെരഞ്ഞെടുക്കുമ്പോൾ മാനദണ്‌ഡങ്ങൾ പാലിക്കണം എന്നേയുള്ളൂ. കേരളത്തിൽ കരുണാകരന്റെ കാലം മുതൽ കൺസർട്ടൻസികൾ ഉണ്ട്. അയോധ്യ ഷേത്ര നിർമ്മാണഉൾപ്പെടെയുള്ളവയിൽ കൺസൾട്ടൻസികൾ ഉണ്ട്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫുകളുടെ യോഗം ചേർന്നതിൽ ഒരു ക്രമക്കേടും ഇല്ല. പാർടി പ്രവർത്തകരായ സ്‌റ്റാഫിന്റെ യോഗം മുൻകാലങ്ങളിലും ചേരാറുള്ളതാണ്. പ്രതിപക്ഷ നേതാവിന്റെ സ്‌ററാഫിലെ പാർടി പ്രവർത്തകരായ ഉദ്യോഗസ്‌ഥരെ സർക്കാരിനെതിരെ പ്രവർത്തിക്കാനല്ലെ ഉപയോഗിക്കുന്നത്. സർക്കാർ അന്വേഷണങ്ങളെ ഭയപ്പെടുന്നില്ല. ജഡീഷ്യൽ കമ്മീഷന്റെ മുന്നിൽ മണിക്കൂറുകളോളം ഇരിക്കേണ്ടി വന്ന മുഖ്യമന്ത്രിയും ഇവിടെ ഉണ്ടായിരുന്നില്ലേയെന്നും കോടിയേരി ചോദിച്ചു.
സംസ്‌ഥാനത്ത് കോവിഡിനെതിരെ പ്രദേശികമായി പ്രതിരോധ നിര ഉയരേണ്ടതുണ്ടെന്നും പാർടി പ്രവർത്തകൾ ആ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ കോവിഡിനെതിരെയുള്ള ജനജാഗ്രത ഇല്ലാതാക്കിയിട്ടുണ്ട്. അത് പാടില്ല. അകലം പാലിക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്നും കോടിയേരി പറഞ്ഞു.
24-Jul-2020