മൂന്നു പ്രതികളും ആഗസ്‌ത്‌ 21 വരെ റിമാൻഡിൽ

സ്വർണക്കടത്ത്‌ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ രണ്ട്‌‌ ബാങ്ക്‌ ലോക്കറിൽ നിന്നായി എൻഐഎ പിടിച്ചെടുത്തത്‌ ഒരുകോടി ഇന്ത്യൻ രൂപയും ഒരു കിലോയോളം സ്വർണാഭരണങ്ങളും. ഫെഡറൽ ബാങ്കിന്റെ തിരുവനന്തപുരത്തെ രണ്ട്‌ ശാഖകളിലാണ്‌ സ്വർണവും പണവും സൂക്ഷിച്ചത്‌. കസ്‌റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന്‌ പ്രതികളെ ഹാജരാക്കിയപ്പോൾ ഈ സ്വർണവും പണവും എൻഐഎ കൊച്ചിയിലെ പ്രത്യേക കോടതിക്ക്‌ കൈമാറി.

തിരുവനന്തപുരം സ്‌റ്റാച്യു ശാഖയിൽ സ്വപ്‌നയുടെ പേരിലുള്ള ലോക്കറിൽ 36.5 ലക്ഷം രൂപയാണ്‌ സൂക്ഷിച്ചിരുന്നത്‌. സിറ്റി ശാഖയിലെ ലോക്കറിൽനിന്ന്‌ 64 ലക്ഷം രൂപയും 982 ഗ്രാം സ്വർണാഭരണങ്ങളും കണ്ടെത്തി. സ്വർണക്കടത്തിൽനിന്ന്‌ സമ്പാദിച്ച പണവും സ്വർണവുമാണ്‌ ഇതെന്നാണ്‌ എൻഐഎയുടെ നിഗമനം. ഇക്കാര്യം കൂടുതൽ പരിശോധനയിലാണെന്നും ബാങ്കും ലോക്കറുകളും ഉപയോഗിച്ചതു സംബന്ധിച്ചും കൂടുതൽ അന്വേഷണം നടക്കുന്നതായി അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ടിൽ വ്യക്തമാക്കി.

എന്നാൽ, സ്വപ്‌നയ്‌ക്ക്‌ പിതൃസ്വത്തായി കിട്ടിയ ആഭരണങ്ങളും പണവുമാണ്‌ ബാങ്ക്‌ ലോക്കറിൽ സൂക്ഷിച്ചിരുന്നതെന്ന്‌ അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

സ്വപ്‌ന സുരേഷ്‌, ഒന്നാംപ്രതി പി എസ്‌ സരിത്‌, നാലാംപ്രതി സന്ദീപ്‌ നായർ എന്നിവരെയാണ്‌ വെള്ളിയാഴ്‌ച എൻഐഎ കോടതിയിൽ ഹാജരാക്കിയത്‌. ഇവരെ ചോദ്യം ചെയ്‌തതിൽനിന്ന്‌ കള്ളക്കടത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചതായി അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.മലപ്പുറത്തുനിന്ന്‌ പിടിയിലായ കെ ടി റമീസ്‌ ഇടപാടുകളിൽ വഹിച്ച പ്രധാന പങ്കിനെക്കുറിച്ചും മൂന്നു പ്രതികളും വിശദമായി മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ്‌ റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കി.

സ്വപ്‌നയേയും സന്ദീപിനേയും കസ്‌റ്റംസും അറസ്‌റ്റ്‌ ചെയ്‌തു
സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസ്‌ സ്വപ്‌ന സുരേഷിന്റെയും സന്ദീപ്‌ നായരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. വെള്ളിയാഴ്‌ച രാവിലെ എൻഐഎ ആസ്ഥാനത്തെത്തി മൊഴിയുമെടുത്തു.  തുടർന്ന്‌ അറസ്‌റ്റ്‌ ചെയ്യുന്നതിന്‌ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. വൈകിട്ട്‌ ഇരുവരെയും കോടതിയിൽ ഹാജരാക്കിയപ്പോൾ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ഇനി കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും.

മൂന്നു പ്രതികളും ആഗസ്‌ത്‌ 21 വരെ റിമാൻഡിൽ
സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായർ എന്നിവരെ ആഗസ്‌ത്‌ 21 വരെ റിമാൻഡ്‌ ചെയ്‌ത്‌ ജില്ലാ ജയിലിലേക്ക്‌ അയച്ചു. കഴിഞ്ഞ 11ന്‌ ബംഗളൂരുവിൽനിന്ന്‌ അറസ്‌റ്റിലായ സ്വപ്‌നയും സന്ദീപും വെള്ളിയാഴ്‌ചവരെ എൻഐഎയുടെ കസ്‌റ്റഡിയിലായിരുന്നു. കേസ്‌ അന്വേഷിക്കുന്ന കസ്‌റ്റംസ്‌ ഇരുവരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. 29ന്‌ സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

കസ്‌റ്റഡി കാലാവധി തീർന്നതിനെ തുടർന്ന്‌ വെള്ളിയാഴ്‌ച കോടതിയിൽ എത്തിച്ചപ്പോൾ സ്വപ്‌ന തനിക്ക്‌ ചികിത്സ വേണമെന്ന കാര്യം ആവർത്തിച്ചു.  മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും പറഞ്ഞു. ജയിലിൽ കഴിയുമ്പോഴും ഭർത്താവിനെയും മകളെയും കാണാൻ സൗകര്യമൊരുക്കണമെന്ന്‌ കോടതി നിർദേശിച്ചു.



25-Jul-2020