യുഎസ്‌ –-ചൈനാ സംഘർഷം മൂർച്ഛിക്കുന്നത്‌ ആഗോള വ്യാപാരത്തെ ദോഷകരമായി ബാധിക്കും

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്തുവരുന്നതിനാൽ യുഎസ്‌–-ചൈനാ സംഘർഷം മൂർച്ഛിക്കുമെന്നും അത്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെയും ബാധിക്കുമെന്നും റിസർവ്‌ ബാങ്ക്‌ മുൻ ഗവർണർ രഘുറാം രാജൻ. യുഎസ്‌ –-ചൈനാ സംഘർഷം മൂർച്ഛിക്കുന്നത്‌ ആഗോള വ്യാപാരത്തെ ദോഷകരമായി ബാധിക്കും. കോവിഡിനിടെ വീണ്ടും തുറക്കുന്ന ഇന്ത്യയുടേതുപോലെ  വളർന്നുവരുന്ന വിപണികൾക്ക്‌ ആഗോളവിപണി വളരെ പ്രധാനമാണ്‌.

പാൻ ഐഐടി യുഎസ്‌എയുടെ ആഭിമുഖ്യത്തിൽ കോവിഡാനന്തര പുതിയ സാമ്പത്തികക്രമം എന്ന വിഷയത്തിൽ വിർച്വൽ പ്രഭാഷണം നടത്തുകയായിരുന്നു രഘുറാം രാജൻ. കോവിഡ്‌ മൂലം വളരെ തകർന്ന സ്ഥാപനങ്ങളുണ്ടാകും. അമേരിക്കയിൽ തീർച്ചയായും  വൻതോതിൽ പാപ്പരത്തങ്ങളുണ്ടാകും. യൂറോപ്പിലും കുറച്ചൊക്കെ ഉണ്ടായേക്കാം.
ലോക്‌ഡൗൺ പ്രഖ്യാപിച്ചിട്ടും അമേരിക്കയിലും ഇന്ത്യയിലും മറ്റും വലിയ  നിയന്ത്രണമുണ്ടായില്ല. വിജയകരമായി ലോക്‌ഡൗൺ നടപ്പാക്കിയ രാജ്യങ്ങളേക്കാൾ വലിയ വിലയായിരിക്കും ഈ രാജ്യങ്ങൾ വൈറസിന്‌ നൽകേണ്ടിവരിക. ആരോഗ്യസംവിധാനങ്ങൾ അപര്യാപ്തമായതിന്റെ കുഴപ്പങ്ങൾ അമേരിക്കയിലും ഇന്ത്യയിലും മറ്റും കണ്ടതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ വികസനവെല്ലുവിളികൾ നേരിടാൻ യുഎസ്‌ ഇന്ത്യാ വികസന ഫൗണ്ടേഷൻ നിർദേശിക്കുന്നതായി യുഎസ്‌എയ്‌ഡ്‌ ആക്ടിങ് അഡ്‌മിനിസ്‌ട്രേറ്റർ ജോൺ ബാർസ യുഎസ്‌ പ്രതിനിധിസഭയുടെ വിദേശബന്ധ സമിതിയോട്‌ പറഞ്ഞു. കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ ഇനിയും സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്ന്‌ ഐഎംഎഫ്‌ മുഖ്യവക്താവ്‌ ജെറി റൈസ്‌ പറഞ്ഞു.



25-Jul-2020