പാണത്തൂർ വട്ടക്കയത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ ജിനിൽ മാത്യുവാണ് ആളുകൾ മടിച്ചുനിന്ന നിമിഷത്തിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എത്തിയത്

ക്വാറന്റൈനിൽ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാൻ ഓടിയെത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ അഭിനന്ദിച്ച് കോടിയേരി ബാലകൃഷ്ണൻ. കാസർകോട് പാണത്തൂർ വട്ടക്കയത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ ജിനിൽ മാത്യുവാണ് ആളുകൾ മടിച്ചുനിന്ന നിമിഷത്തിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എത്തിയത്. ജിനിലിന്റെ മാതൃകാപരമായ രക്ഷാപ്രവർത്തനം മാനവീകത ഉയർത്തിപ്പിടിക്കുന്ന ഓരോ മനുഷ്യനും അഭിമാനിക്കാൻ വകയുള്ളതാണെന്ന് കോടിയേരി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നുണ്ട്. ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്ന ജിനിലിന് പൂർണ ആരോഗ്യത്തോടെ നാടിന്റെ ഹൃദയമിടിപ്പായി മാറാൻ സാധിക്കും. മലയാളികളൊന്നാകെ സഖാവ് ജിനിലിന്റെ കൂടെയുണ്ടെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്‌ണന്റെ ഫെയ്‌‌‌സ്‌‌ബുക്ക് പോസ്റ്റ് ചുവടെ

കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ പാണത്തൂർ വട്ടക്കയത്ത് പാമ്പ് കടിയേറ്റ, കോവിഡ് ബാധിതനായ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യുവിന് ഹൃദയാഭിവാദ്യങ്ങൾ.

സഖാവിന്റെ മാതൃകാപരമായ രക്ഷാപ്രവർത്തനം മാനവീകത ഉയർത്തിപ്പിടിക്കുന്ന ഓരോ മനുഷ്യനും അഭിമാനിക്കാൻ വകയുള്ളതാണ്.

ബീഹാറിൽ നിന്നെത്തിയ അധ്യാപക ദമ്പതികളും കുഞ്ഞും ക്വാറന്റയിനിലായതിനാലും കോവിഡ് ബാധിതരാണെന്ന് സംശയമുള്ളതിനാലും പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാൻ പലരും മടിച്ചു നിന്ന വേളയിലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി സഖാവ് ജിനിൽ ഓടിയെത്തിയത്.

കുഞ്ഞിനെ കടിച്ച അണലിയെ തല്ലിക്കൊന്ന് കവറിലാക്കിയെടുത്ത്, കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടടുക്കി ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് ബിനുവിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കും കുതിച്ച സഖാവ്, വിലപ്പെട്ട ഒരു ജീവനാണ് സംരക്ഷിച്ചത്. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു.

സഖാവ് ജിനിൽ മാത്യു ഇപ്പോൾ ക്വാറന്റയിനിലാണുള്ളത്. പൂർണ ആരോഗ്യത്തോടെ, നാടിന്റെ ഹൃദയമിടിപ്പായി മാറാൻ സഖാവിന് സാധിക്കും. മലയാളികളൊന്നാകെ സഖാവിന്റെ കൂടെയുണ്ട്.

അഭിവാദ്യങ്ങൾ.

25-Jul-2020