പ്രശ്‌നം പരിഹരിക്കേണ്ടത്‌ ഏഷ്യാനെറ്റ്‌

ചാനൽചർച്ചകളിൽ അവതാരകൻ അല്ല മിടുക്കനാകേണ്ടതെന്ന്‌ ഏഷ്യാനെറ്റ്‌ സ്ഥാപകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശശികുമാർ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. ചാനലിൽ വരുന്നവർക്ക് പറയാനുള്ള മതിയായ അവസരം കൊടുക്കണം. അവർ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം.  അവതാരകന്റെ ആധിപത്യമുണ്ടാകുന്നത് നല്ല പ്രവണതയല്ല.

പല ഇംഗ്ലീഷ് ചാനലുകളിലും അവതാരകർ മിടുക്കരാകാൻ ശ്രമിക്കുന്നതും  പ്രത്യേക അജൻഡയിൽ പ്രവർത്തിക്കുന്നതും കാണാം.  സത്യാന്വേഷണമല്ല ഉദ്ദേശ്യം. ഇന്നയാളെ ഒന്നുമല്ലാത്തവനാക്കണം എന്നൊക്കെ അജൻഡ വച്ച് നടത്തുന്ന പരിപാടിയാണത്. നമ്മൾ അതിലേക്ക് അധഃപതിക്കാതിരിക്കണം.

ഇവിടത്തെ അവതാരകർ അർണബ് ഗോസ്വാമിക്ക് പഠിക്കുകയാണെന്നുവേണം കരുതാൻ. അത്തരം രീതി നടപ്പാക്കുന്നതിലൂടെ ടിആർപി വർധിപ്പിക്കാനും കൂടുതൽ പരസ്യം നേടാനും പറ്റും. എന്നാൽ, ജനങ്ങൾക്ക് വേണ്ടത് എറിഞ്ഞുകൊടുക്കുക എന്നതല്ല ഉത്തരവാദ ജേണലിസം.  അത് മയക്കുമരുന്ന് വിൽക്കുന്ന ആളുടെ പദ്ധതിയാണ്. ജനങ്ങൾക്ക് ഇപ്പോൾ മയക്കുമരുന്നാണ് വേണ്ടതെന്നുകരുതി മയക്കുമരുന്ന് വിൽക്കുക എന്നതായിരിക്കും അവരുടെ ചിന്ത. ഒരിക്കലും ആ രീതി ജേണലിസത്തിൽ സ്വീകരിക്കാൻ പാടില്ല.

സ്പീക്കറെ അപമാനിച്ചത്‌ തെറ്റ്‌
സ്പീക്കറെ ഏഷ്യാനെറ്റ്‌ ചാനൽ അപമാനിച്ചത്‌ ശരിയല്ല. ബഹുമാന്യമായ പദവിയാണത്. ജനാധിപത്യത്തിൽ അദ്ദേഹത്തിന്റെ ഓഫീസിനെയും നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്.സിപിഐ എം ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കുന്നതുവരെ കാര്യങ്ങൾ എത്തിയതെങ്ങനെയെന്ന് അന്വേഷിക്കണം. അത്തരമൊരു പരിശോധന ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്. ഞാനാണ്‌ ചാനൽ തലവനെങ്കിൽ, അങ്ങനെയൊരു അവസ്ഥ വന്നിട്ടുണ്ടെങ്കിൽ എന്റെ പോരായ്മയായിട്ടാണ് കാണുക. ഞാൻ നയിക്കുന്ന സ്ഥാപനത്തിന്റെ പോരായ്മയായിട്ടാണ് വിലയിരുത്തുക.

ബഹിഷ്‌കരിക്കുകയെന്നത് ജനാധിപത്യരീതിയല്ല എന്നൊക്കെ ചിലർ പറഞ്ഞതായി വായിച്ചു. ഞാൻ അതിൽ പങ്കെടുക്കില്ല, ആ ചാനൽ കാണില്ല എന്നുപറഞ്ഞാൽ, ഞാൻ എങ്ങനെയാണ് ജനാധിപത്യ വിരുദ്ധനാവുക. അങ്ങനെ പറയുകയെന്നത് അവരവരുടെ അവകാശമാണ്. ചർച്ചയിൽ മനഃപൂർവം അവരെ മോശമാക്കുന്നുവെന്ന് സിപിഐ എമ്മിന് തോന്നുന്നു. ചർച്ചയിൽ ഒരാളെ പങ്കെടുപ്പിച്ചിട്ടുണ്ടെങ്കിൽ അയാൾ പങ്കെടുത്തെന്ന് വരികയും ചെയ്യും. എന്നാൽ, പങ്കെടുത്ത ആൾക്ക് പറയേണ്ടത് പറയാനും പറ്റില്ല. അങ്ങനെയൊരു വൈരുധ്യമാണുള്ളത്.

പ്രശ്‌നം പരിഹരിക്കേണ്ടത്‌ ഏഷ്യാനെറ്റ്‌
മുഖ്യധാരാ മാധ്യമമായ തങ്ങളെ ഒരു പാർടി ബഹിഷ്‌കരിക്കുമ്പോൾ ആ പ്രശ്‌നം പരിഹരിക്കാൻ തീർച്ചയായും ഏഷ്യാനെറ്റ്‌ മുൻകൈ എടുക്കണം.  നമ്മുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം. അത്തരത്തിൽ ആഭ്യന്തരമായ വിലയിരുത്തൽ വേണം. നമ്മൾ ചെയ്തത് ശരിയാണോ, സിപിഐ എമ്മിനെ മോശമായി പരിഗണിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ എന്നതൊക്കെ വിശദമായി പരിശോധിക്കണമെന്നും ശശികുമാർ ആവശ്യപ്പെട്ടു.



26-Jul-2020