കൊച്ചിയുടെ ഗതാഗതക്കുരുക്ക് അഴിക്കാനായി വൈറ്റിലയിലെയും കുണ്ടന്നൂരിലെയും മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നു. ആഗസ്ത് പകുതിയോടെ മേൽപ്പാലങ്ങൾ നാടിന് സമർപ്പിക്കാനാകുമെന്നാണ് കരുതുന്നത്. കോവിഡ്‌കാല നിയന്ത്രണങ്ങളും തൊഴിലാളികളുടെ ലഭ്യതക്കുറവും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് നിർമാണം പൂർത്തിയാക്കുന്നത്.
വൈറ്റില പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പെയിന്റിങ് 90 ശതമാനവും കഴിഞ്ഞു. ഇലക്ട്രിക് ജോലികൾ പൂർത്തിയായി. വൈദ്യുതി കണക്‌ഷൻമാത്രമാണ് ലഭിക്കാനുള്ളത്. കുണ്ടന്നൂർ ഭാഗത്തെ അപ്രോച്ച് റോഡ് പൂർത്തിയായി. ആധുനികമായ ‘ഡിബിഎംബിസി’ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ടാറിങ് നിർവഹിക്കുന്നത്. പാലാരിവട്ടം ഭാഗത്ത് അടിപ്പാതയിൽ ടൈൽപാകൽ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിന്റെ താങ്ങുമതിലും പാലത്തിലേക്കുള്ള അപ്രോച്ച് സ്ലാബിന്റെ കോൺക്രീറ്റും പൂർത്തിയായി. നിർമാണത്തൊഴിലാളികൾ പലരും സ്വദേശങ്ങളിലേക്ക് പോയെങ്കിലും പ്രധാന പണികളെല്ലാം തീർന്നതിനാൽ ഇത് നിർമാണത്തെ ബാധിക്കില്ലെന്ന് പൊതുമരാമത്തുവകുപ്പ് അധികൃതർ വ്യക്തമാക്കി.
കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ടാറിങ് 10 ദിവസംകൊണ്ട് പൂർത്തിയാക്കാനാകുമെന്ന് കരാറുകാരായ മേരിമാതാ കൺസ്ട്രക്‌ഷൻ കമ്പനി അറിയിച്ചു. ഇലക്ട്രിക് ജോലികൾ പൂർത്തിയായി. പെയിന്റിങ് പകുതിയിലധികം കഴിഞ്ഞു. ടാറിങ് തുടങ്ങുന്നതിന് മുന്നൊരുക്കം പൂർത്തിയായി. മഴ മാറിയാൽ അപ്രോച്ച് റോഡുകൾക്കൊപ്പം പാലത്തിന്റെ ടാറിങ്ങും നടക്കും. ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അരൂർ ഭാഗത്ത് 70 മീറ്റർ അപ്രോച്ച് റോഡ് 60 ശതമാനം പൂർത്തിയായി. വൈറ്റില ഭാഗത്ത് 100 മീറ്റർ റോഡ് പൂർത്തിയായി. ഹോട്ടൽ ലേ മെറിഡിയന് എതിർവശത്ത് 24 മീറ്റർ അടിപ്പാത നിർമാണം മാത്രമാണ് അൽപ്പം താമസിക്കുന്നത്. മഴ പെയ്‌ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണിത്. മേൽപ്പാലത്തിനുതാഴെ ഇപ്പോൾത്തന്നെ ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്.