കരുതലും അതിജീവനവും ഉറപ്പാക്കുന്നു
അഡ്മിൻ
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കോവിഡ് മഹാമാരിയിൽ പ്രയാസപ്പെടുന്ന തൊഴിലാളി കുടുംബങ്ങൾക്ക് സാധ്യമായ സഹായങ്ങളെല്ലാം എത്തിക്കുന്നു.
അടച്ചുപൂട്ടൽ കാലയളവിൽ, രാജ്യത്ത് മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ പുനരാരംഭിക്കാനുള്ള അവസരം ആദ്യമൊരുങ്ങിയത് കേരളത്തിലാണ്. ഏപ്രിൽ നാലിനുതന്നെ മത്സ്യബന്ധനത്തിനുപോകാൻ അനുമതി നൽകി. തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിതത്തിൽ, തൊഴിലില്ലായ്‌മ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നു കണ്ടതിനാലായിരുന്നു നടപടി. ഇതിന്റെ ഭാഗമായി നടപ്പാക്കിയ നിയന്ത്രണങ്ങളിൽനിന്നാണ് ഇടനിലക്കാരുടെ തൊഴിലാളി ചൂഷണം വ്യക്തമാകുന്നത്. ഇവരെ ഒഴിവാക്കാൻ ശ്രമം തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ ഇതിന് പ്രയാസം നേരിട്ടു. കൊല്ലം അടക്കമുള്ള ജില്ലകളിൽ വിജയകരമായി നടപ്പാക്കി. മിക്കയിടത്തും പ്രതിദിനം 5000 രൂപവരെ മത്സ്യത്തൊഴിലാളിക്ക് അധികം ലഭിക്കുന്ന സ്ഥിതിയുണ്ടായി.
ഇപ്പോൾ തിരുവനന്തപുരം ജില്ലയിലടക്കം മത്സ്യഗ്രാമങ്ങൾ കോവിഡ് രോഗ വ്യാപനത്തിന്റെ ക്ലസ്‌റ്ററുകളിൽ ഉൾപ്പെടുന്നു. തൊളിലാളികൾ കൂട്ടംചേരുന്നത് അത്യാപത്ത് സൃഷ്ടിക്കും. അതിനാൽ, ജീവൻ സംരക്ഷിക്കുക, തൊഴിൽ പിന്നീടുമാകാമെന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ജീവന്റെ വിലയുള്ള ജാഗ്രതയ്‌ക്കായാണ് യത്‌നിക്കുന്നത്. ഇതുമൂലം പല മേഖലയിലും കടലിൽ പോകാൻ അനുമതി നൽകുന്നതിന് കഴിയുന്നില്ല. കുറച്ചുകൂടി കാത്തിരുന്നേ മതിയാകൂ. ഈ തൊഴിൽ നഷ്ടത്തിന് പരിഹാരമായി ഭക്ഷ്യക്കിറ്റും ആശ്വാസ ധനസഹായവുമൊക്കെ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും ലഭ്യമാക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത ആശ്വാസ നടപടികളാണ് സ്വീകരിക്കുന്നത്.
പ്രളയകാലത്ത് രക്ഷകരായ തൊഴിലാളികൾ ഇപ്പോൾ കടൽക്ഷോഭത്തിൽ ദുരിതം അനുഭവിക്കുന്നത് യാഥാർഥ്യമാണ്. ഇവരുടെ ദുരിതത്തിന് ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിട്ടത്. രാജ്യത്ത് ആദ്യമായി, കടൽത്തീരത്ത് താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കാനുള്ള പുനർഗേഹം പദ്ധതി ആവിഷ്‌കരിച്ചു. 2450 കോടി രൂപയാണ് ചെലവിടുന്നത്. തൊഴിലാളികൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ ദീർഘവീക്ഷണമുള്ള, കരുതൽ നിറഞ്ഞ നടപടികളുമായാണ് സർക്കാർ മുന്നേറുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ഓഖി, പ്രളയ ദുരന്തമുഖങ്ങളിലെ സർക്കാർ നടപടികൾ മത്സ്യത്തൊഴിലാളികളിൽ വലിയ സ്വീകാര്യത സൃഷ്ടിച്ചു. ഇപ്പോൾ കോവിഡ് ദുരിതം മറികടക്കാനുള്ള നടപടികളും ചിലർക്ക് അസ്വാരസ്യം സൃഷ്ടിക്കുന്നു. ഇതിനെതിരെ ബോധപൂർവമുള്ള കുപ്രചാരണം നടത്തുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഇത്തരം ശ്രമങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തീരദേശം തള്ളിക്കളയുന്നുവെന്നത് ബന്ധപ്പെട്ടവർ മനസ്സിലാക്കണം.
സർക്കാർ എടുക്കുന്ന കരുതൽ എത്രത്തോളം വലുതാണെന്നത് തൊഴിലാളികൾക്ക് നേരിട്ട് അനുഭവമുള്ളതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
28-Jul-2020