അമേരിക്കൻ പള്ളിയിൽ പാസ്‌റ്റർ അടക്കം നാൽപ്പതിൽപരം ആളുകൾക്കും കോവിഡ്‌

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഏറ്റവും അടുത്ത വൃത്തത്തിലേക്കും കൊറോണ വൈറസ്‌ എത്തി. യുഎസ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീനിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വൈറ്റ്‌ഹൗസിൽ ഇതുവരെ കോവിഡ്‌ സ്ഥിരീകരിക്കപ്പെട്ടവരിൽ ഏറ്റവും ഉന്നതനാണ്‌ ട്രംപുമായി മിക്ക ദിവസവും സമ്പർക്കമുള്ള ഒബ്രീൻ. നേരത്തേ ട്രംപിന്റെ സഹായിക്കും വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസിന്റെ പ്രസ്‌ സെക്രട്ടറിക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

ലോകത്താകെ കോവിഡ്‌ മുക്തരായവരുടെ എണ്ണം കോടി കടന്നു. 1.65 കോടിയിലധികമാളുകൾക്കാണ്‌ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടത്‌. ആറര ലക്ഷത്തിലധികം ആളുകൾ മരിച്ചു. ഇതിൽ ഒന്നര ലക്ഷവും അമേരിക്കയിലാണ്‌.ഇതിനിടെ അമേരിക്കയിൽ ഒരു പള്ളിയിൽ കഴിഞ്ഞയാഴ്‌ച ദിവസങ്ങളോളം വിവിധ പരിപാടികളിൽ പങ്കെടുത്തവർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. പാസ്റ്റർ അടക്കം നാൽപ്പതിൽപ്പരം ആളുകൾക്കാണ്‌ രോഗം ബാധിച്ചത്‌. അലബാമയിൽ വാറിയർ ക്രീക്‌ മിഷണറി ബാപ്‌റ്റിസ്റ്റ്‌ ചർച്ചിലാണ്‌ പരിപാടിക്കിടെ രോഗം പടർന്നത്‌. ഒരാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ വെള്ളിയാഴ്‌ച പരിപാടി നിർത്തിവയ്‌ക്കുകയായിരുന്നു. സഹപ്രവർത്തകർക്ക്‌ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ പരിശോധിച്ചപ്പോഴാണ്‌ ലക്ഷണമില്ലാതിരുന്ന ഇയാൾക്ക്‌ സ്ഥിരീകരിച്ചത്‌.

ഏറ്റവുമധികം ആളുകൾക്ക്‌ കോവിഡ്‌ ബാധിച്ച സംസ്ഥാനങ്ങളിൽ ന്യൂയോർക്കിനെ മറികടന്ന്‌ ഫ്ലോറിഡ രണ്ടാമതായി. 4.24 ലക്ഷത്തോളമാളുകൾക്കാണ്‌ ഫ്ലോറിഡയിൽ കോവിഡ്‌ ബാധിച്ചത്‌. കലിഫോർണിയയിൽ 4.60 ലക്ഷത്തിലധികം പേർക്കുണ്ട്‌. പ്രതിദിന വർധന കൂടുതൽ ഇപ്പോൾ ഫ്ലോറിഡയിലാണ്‌.
 



28-Jul-2020