വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

സമ്പര്‍ക്കവ്യാപനം ഒഴിവാക്കുന്നതിന് ശരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, അനാവശ്യമായി പുറത്തിറങ്ങാതിരിക്കല്‍ മുതലായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി. ഇത് നടപ്പാക്കുന്നതിന്  പൊലീസിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കും.

ബക്രീദ് ദിനത്തില്‍ പരമാവധി 100 പേര്‍ക്കാണ് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളത്. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ അതിന് അനുമതി നല്‍കൂ. ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച് കുറച്ചുപേര്‍ക്കു മാത്രമേ ആരാധന നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ.

കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെയും സൈബര്‍ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവയനുസരിച്ച് നടപടി സ്വീകരിക്കും.

മാസ്‌ക് ധരിക്കാത്ത 5026 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

28-Jul-2020