പൊരുത്തപ്പെടാത്ത വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്--എസ്ആർപി പറഞ്ഞു
അഡ്മിൻ
''മുഖ്യമന്ത്രിയുടെ ഓഫീസിനു ജാഗ്രതക്കുറവ്: സിപിഎം'' എന്ന തലക്കെട്ടിൽ മലയാള മനോരമ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്ത പച്ചക്കള്ളം. അടുത്തിടെ സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജാഗ്രതക്കുറവ് വ്യക്തമെന്ന് പൊളിറ്റ്ബ്യൂറോ വിലയിരുത്തിയെന്നാണ് വാർത്ത. ഇത്തരമൊരു ചർച്ചയോ വിലയിരുത്തലോ പാർടിയുടെ പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ നടന്നിട്ടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.
''പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന: പിബി'' എന്ന ഉപശീർഷകവും മനോരമ വാർത്തയിലുണ്ട്. പാർടി ഒരുവിധ അന്വേഷണത്തിനും തീരുമാനിച്ചിട്ടില്ലെന്ന് എസ്ആർപി പറഞ്ഞു. അന്വേഷിക്കേണ്ട കാര്യവുമില്ല. പാർടി അംഗങ്ങൾ ഒരാളും സ്വർണക്കള്ളക്കടത്തിൽ ഉൾപ്പെട്ടിട്ടില്ല. കസ്റ്റംസും, എൻഐഎയും ആണ് കേസ് അന്വേഷിക്കുന്നത്. അവർ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നാണ് വിശ്വസിക്കുന്നത്--എസ്ആർപി പറഞ്ഞു.
''ഒരു ഉദ്യോഗസ്ഥന്റെ പിഴവാണ് ഉണ്ടായതെന്ന് പിണറായി വിജയൻ വിശദീകരിച്ചതായി പാർടിവൃത്തങ്ങൾ പറഞ്ഞു'' എന്നും വാർത്തയിൽ പറയുന്നു. പിണറായി വിജയൻ ഇക്കാര്യമൊന്നും യോഗത്തിൽ വിശദീകരിച്ചിട്ടില്ലെന്ന് എസ്ആർപി വ്യക്തമാക്കി. പാർടിവൃത്തങ്ങൾ ഇങ്ങനെയൊന്നും പത്രത്തോട് പറഞ്ഞിട്ടുമില്ല. വാർത്തയിലെ 'പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന' എന്ന പ്രയോഗം തന്നെ പരസ്പരവിരുദ്ധമാണെന്ന് എസ്ആർപി ചൂണ്ടിക്കാട്ടി. കളവ് എഴുതുമ്പോഴാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത്. പൊരുത്തപ്പെടാത്ത വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്--എസ്ആർപി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പാർടി ക്ലീൻചിറ്റ് നൽകുകയാണോ എന്ന് വാർത്താസമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോൾ പാർടിയല്ല, എൻഐഎയാണ് അന്വേഷണം നടത്തുന്നതെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. സ്വർണകള്ളക്കടത്ത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് കേന്ദ്രകമ്മിറ്റി കമ്യൂണിക്കെയിൽ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടപ്രകാരം എൻഐഎ അന്വേഷണം നടക്കുകയാണ്. അവർ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കട്ടെ. കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയത്ത് യുഡിഎഫും ബിജെപിയും ഒന്നുചേർന്ന് സംസ്ഥാനസർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.