ആർഎസ്‌എസ്‌ നേതാവായ മുരുകേഷ് നരേന്ദ്രനാണ്‌ സംഘത്തെ നിലമ്പൂരിൽ എത്തിച്ചതെന്ന്‌ പി വി അൻവർ എംഎൽഎ പറഞ്ഞു

കണ്ണൂരിലെ ആർഎസ്‌എസ്‌ ക്രിമിനൽ സംഘം നിലമ്പൂർ പൂക്കോട്ടുംപാടത്ത്‌ പിടിയിൽ. കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാവ്‌ ധനരാജ്‌ വധം ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ പാലക്കോട്‌ രാമന്തളി കാക്കംപാറ മറ്റുകാരൻ വിപിനി(28)ന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്‌ അറസ്‌റ്റിലായത്‌. യൂത്ത്‌ കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം ഭാരവാഹികളെത്തി ഇവരെ ജാമ്യത്തിലിറക്കി. സംഘമെത്തിയത്‌ തന്നെ വധിക്കാനാണെന്ന്‌ കാണിച്ച്‌‌ പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിക്ക്‌ പരാതി നൽകി.

വിപിനു പുറമെ പയ്യന്നൂർ മഴൂർ പെരുപുരയിൽ ലിനീഷ്‌ (30),  പഴയങ്ങാടി സതീനിലയം ജിഷ്‌ണു (26) പഴയങ്ങാടി ചെങ്കൽത്തടം കല്ലൻ അഭിലാഷ്‌(28)  എന്നിവരാണ്‌ കഴിഞ്ഞ 27ന്‌ പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്‌. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണിവർ. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ്‌ റീഗൽ എസ്‌റ്റേറ്റിലാണ്‌ സംഘം തമ്പടിച്ചിരുന്നത്‌.  ജൂലൈ 26 ന് വൈകിട്ടാണ് കണ്ണൂരിൽ നിന്ന് ഏഴംഗ സംഘമെത്തിയത്. എസ്‌റ്റേറ്റിലെ തൊഴിലാളികളെ ആക്രമിച്ചതിന് 27 ന് രാവിലെ പൂക്കോട്ടുംപാടം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത്‌ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന്‌ ഇവർക്കെതിരെ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. തൊട്ടു പിറകെയാണ്‌ യൂത്ത്‌കോൺഗ്രസ്‌ നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ പായമ്പാടം, സെക്രട്ടറി മൂർഖൻ ഷറഫുദ്ദീൻ (കുഞ്ഞു) എന്നിവരെത്തി ഇവരെ ജാമ്യത്തിലിറക്കിയത്‌.

ആർഎസ്‌എസ്‌ നേതാവായ മുരുകേഷ് നരേന്ദ്രനാണ്‌ സംഘത്തെ നിലമ്പൂരിൽ എത്തിച്ചതെന്ന്‌ പി വി അൻവർ എംഎൽഎ പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച്‌  വിധക്കാനായിരുന്നു പദ്ധതി. മാരകായുധങ്ങളും, ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകളും സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായാണ് വിവരം. വധശ്രമത്തിൽ നിലമ്പൂരിലെ പ്രമേുഖ കോൺഗ്രസ്‌ നേതാവിന്‌ പങ്കുള്ളതായും എംഎൽഎ ആരോപിച്ചു.



29-Jul-2020