ഒറ്റ നോട്ടത്തിലും കേള്‍വിയിലും മനോഹരമെന്ന തോന്നലുണ്ടാക്കുന്നതും, എന്നാല്‍ ഗൗരവമേറിയ അപകടം പതിയിരിക്കുന്നതുമാണ് പുതിയ വിദ്യാഭ്യാസ നയം
അഡ്മിൻ
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ.വിശാലമായ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ അഭിപ്രായ രൂപീകരണത്തിനോ തയ്യാറാവാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നയത്തിന് ധൃതി പിടിച്ച് അംഗീകാരം നല്‍കിയതെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഒരു ജനാധിപത്യ രാജ്യത്തിന്റെ സര്വ്വതത്ത്വങ്ങളെയും അട്ടിമറിച്ച് ഭരണം നടത്തുന്ന രീതിയാണല്ലോ മോഡി സര്‍ക്കാര്‍ ഇതുവരെ അവലംബിച്ചത്. വീണ്ടുമിതാ പാര്‍ലമെന്റ് ഉള്‍പ്പെടെ സകല ജനാധിപത്യ വേദികളെയും നോക്കുകുത്തിയാക്കിക്കൊണ്ട് പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയിരിക്കുന്നു. തെരുവുകളിലെ പ്രത്യക്ഷ പ്രക്ഷോഭങ്ങളെ ഭയപ്പെട്ടതു കൊണ്ടാവാം പരിമിതികളും പ്രതിസന്ധിയും നിറഞ്ഞ ഈ മഹാമാരിയുടെ കാലത്ത് തന്നെ ദേശീയ വിദ്യാഭ്യാസ നയം സമര്‍ത്ഥമായി അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടം തയ്യാറായത്.
ഒറ്റ നോട്ടത്തിലും കേള്‍വിയിലും മനോഹരമെന്ന തോന്നലുണ്ടാക്കുന്നതും, എന്നാല്‍ ഗൗരവമേറിയ അപകടം പതിയിരിക്കുന്നതുമാണ് പുതിയ വിദ്യാഭ്യാസ നയം.കേന്ദ്രീകരണം, വാണിജ്യവത്ക്കരണം, വര്‍ഗ്ഗീയവത്ക്കരണം എന്നീ തെറ്റായ പ്രവണതകളുടെ വകഭേദങ്ങളടങ്ങിയതാണ് പുതിയ വിദ്യാഭ്യാസ നയം. ഇവ മൂന്നും ബോധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുകയാണ് ഈ നയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
ത്രിഭാഷാ പദ്ധതി, ഗവേഷണ രംഗം, വിദേശ-സ്വകാര്യ സര്‍വ്വകലാശാലകള്‍ , പരീക്ഷകളുടെ അതിപ്രസരം, സിലബസ് പരിഷ്ക്കരണം എന്നിങ്ങനെയുള്ള ഈ നയത്തിന്റെ ഉള്ളടക്കത്തെ സമഗ്രമായി പരിശോധിക്കുമ്പോള്‍ നിര്‍ബന്ധമായും എതിര്‍ക്കപ്പെടേണ്ടതും വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതുമായ അപകടം ഇതില്‍ പതിയിരിക്കുന്നു എന്ന് തീര്‍ച്ചയായും ബോധ്യമാവുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.