ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള പ്രതിഷേധമാണ് തീരുമാനിച്ചത്

പെരുന്നാൾ ദിനത്തിലും പട്ടിണിയിലായി മുസ്ലിം ലീഗിന്റെ പത്രമായ ചന്ദ്രികയിലെ ജീവനക്കാർ. പറഞ്ഞ ഉറപ്പുകളൊന്നും പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച്‌ ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം സംഘടിപ്പിക്കുകയാണ്‌ ഇന്ന്‌. നേരത്തെ പെരുന്നാളിന് മുൻപ് ഒരു മാസത്തെ സാലറി എല്ലാ യൂണിറ്റിലും നൽകുമെന്ന് ലേബർ കമ്മീഷണർ നേതൃത്വം നൽകിയ ചർച്ചയിൽ മാനേജ്മെൻ്റ് പ്രതിനിധി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതും  പാലിക്കപ്പെട്ടിട്ടില്ല. വളരെ ചുരുക്കം ചിലർക്ക് മാത്രമാണ് കോഴിക്കോട് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. തിരുവനന്തപുരത്ത് ആർക്കും ശമ്പളം ലഭിച്ചിട്ടില്ല.

പെരുന്നാൾ ആയിട്ട് പോലും മുഴുവൻ തൊഴിലാളികൾക്കും ശമ്പളം ലഭിക്കാത്തത് വലിയ പ്രയാസമാണ് തൊഴിലാളികൾക്കുണ്ടാക്കിയത്. മാനേജ്മെൻ്റ് പ്രതിനിധികളെ ബന്ധപ്പെട്ട് ശമ്പളം ലഭ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്നാണ്‌ പെരുന്നാൾ ദിവസം ചന്ദ്രിക തൊഴിലാളികൾ പ്രതിഷേധ ദിനമായി ആചരിക്കാൻ പത്രപ്രവർത്തക യൂണിയൻ ചന്ദ്രിക സെൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള പ്രതിഷേധമാണ് തീരുമാനിച്ചത്.

'മെയ് മാസ ശമ്പളം എല്ലാ തൊഴിലാളികൾക്കും പെരുന്നാൾ ദിനത്തിലും നൽകാത്ത ചന്ദ്രിക മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധം.' എന്നെഴുതിയ പേപ്പർ ഉയർത്തിപ്പിടിച്ച് അംഗങ്ങൾ ഫോട്ടോയെടുത്ത് ചന്ദ്രിക സെൽ ഗ്രൂപ്പിലും മറ്റ് പാർട്ടി ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താണ് പ്രതിഷേധിക്കുന്നത്.

 

31-Jul-2020