സംസ്ഥാനത്ത് കാലവര്‍ഷം ശക്‌തമായതോടെ വടക്കൻ ജില്ലകളിൽ മഴ കനത്തു. കോഴിക്കോട്, വയനാട് ജില്ലകളില്‍ കലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്ന് റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്‌റ്റ് ഒന്പതോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ കനത്തതെ്ടെ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കേരളത്തിൽ പ്രളയ ഭീഷണിയെന്ന് ദേശീയ ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്റെ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് . ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയതോതിൽ ജലനിരപ്പ് ഉയരാൻ സാധ്യത. പാലക്കാട് ഭവാനി പുഴയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരാമെന്നും മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും.
കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. റെഡ് അലർട്ടുളള വയനാട്ടിൽ മഴ ശക്തമാണ് . കഴിഞ്ഞ വർഷം ഉരുൾപൊട്ടിയ മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. അപകടസാധ്യതയുള്ള മേഖലയിൽനിന്ന് ജനങ്ങളെ മാറ്റിപാറപ്പിച്ചുതുടങ്ങി. ജില്ലയിൽ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കോഴിക്കോട് ഇരുവഞ്ഞിപ്പുഴയും ചാലിയാർ പുഴയും കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റി. ചെമ്പ് കടവ് പാലം വെള്ളത്തിൽ മുങ്ങിയതോടെ തുഷാരഗിരി അടിവാരത്തിൽ ഗതാഗതം സ്തംഭിച്ചു.
നിലമ്പൂർ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചു പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്.