സ്വപ്‌നയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിൽ അടക്കം വലിയ സ്വാധീനമുണ്ടെന്ന് എൻഐഎ. അറ്റാഷെയുമായും അടുത്ത ബന്ധമുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്ന് പിരിഞ്ഞ ശേഷവും പ്രതിമാസം 1000 ഡോളർ ശമ്പളം സ്വപ്‌നയ്‌ക്ക് ലഭിച്ചിരുന്നു. സ്വപ്‌നയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജാമ്യഹർജിയിൽ വിധി തിങ്കളാ‌ഴ്‌ച പറയും.

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറുമായും സ്വപ്‌നയ്‌ക്ക് വലിയ അടുപ്പമുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബാഗേജ് വിട്ടു നൽകുന്നതിന് ഇടപെടാൻ ശിവശങ്കറിനോട് സ്വപ്‌ന അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതിൽ ഇടപെടാനോ കസ്റ്റംസിനെ വിളിക്കാനോ ശിവശങ്കർ തയ്യാറായില്ല എന്നാണ് വ്യക്തമാകുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അതേസമയം തീവ്രവാദബന്ധം കണ്ടെത്താൻ എൻഐഎയ്‌ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന്  സ്വപ്‌‌നയുടെ അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു. സ്വപ്‌നയിൽ നിന്നും പിടിച്ചെടുത്തത് ആഭരണങ്ങൾ മാത്രമാണ്. സ്വപ്‌നയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടെന്ന് എൻഐഎ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സ്വപ്‌നയ്‌ക്ക് വലിയ പരിചയമുണ്ടെന്ന വിധത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.

06-Aug-2020