പദ്ധതി നടത്തിപ്പിന് നിലവില്‍ 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്
അഡ്മിൻ
'ജലജീവന്‍ മിഷന്‍' പദ്ധതി പ്രകാരം 2020-21 വര്‍ഷം 21.42 ലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കും. 6371 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കാവശ്യമായ അനുമതികള്‍ എത്രയും വേഗം നല്‍കി ടെണ്ടര്‍ നടപടികള്‍ തുടങ്ങണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകളിലും 2024-ഓടെ കുടിവെള്ള കണക്ഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് തീരുമാനം.
പദ്ധതി നടത്തിപ്പിന് നിലവില്‍ 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതികളുടെ നിര്‍വഹണ മേല്‍നോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അധ്യക്ഷന്‍മാരായി പഞ്ചായത്തുതല മേല്‍നോട്ട സമിതി രൂപീകരിക്കും. എം.എല്‍.എ. ഫണ്ട് പഞ്ചായത്ത് വിഹിതമായി ഈ പദ്ധതിക്ക് വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക് അറിയിച്ചു.
67.41 ലക്ഷം ഗ്രാമീണ ഭവനങ്ങളാണ് സംസ്ഥാനത്തുള്ളത്. നിലവില്‍ 17.50 ലക്ഷം കണക്ഷന്‍ നല്‍കി. 49.65 ലക്ഷം കണക്ഷനാണ് ഇനി ബാക്കിയുള്ളത്. അതില്‍ 21.42 ലക്ഷം കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കുന്നത്.
ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, കേരള വാട്ടർ അതോറിറ്റി എം.ഡി. എസ്. വെങ്കിടേശപതി, വിവിധ വകുപ്പ് അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനയോഗത്തില്‍ പങ്കെടുത്തു.