പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഗുരുതരമായ കാര്യങ്ങളാണ് ഒളിപ്പിക്കാൻ ശ്രമിക്കുന്നത്

ചൈനീസ് സേന അതിർത്തിയിൽ കടന്നുകയറിയെന്ന് രാജ്യം സ്ഥിരീകരിച്ച ആദ്യ ഔദ്യോഗിക രേഖ പ്രതിരോധമന്ത്രാലയ വെബ്‌സൈറ്റിൽനിന്ന്‌ അപ്രത്യക്ഷമായി. ‘യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) ചൈനീസ് കടന്നുകയറ്റം’ എന്ന പേരില്‍ ചൊവ്വാഴ്‌ച‌ പ്രസിദ്ധീകരിച്ച രേഖ‌ വ്യാഴാഴ്‌ച കാണാനില്ല. ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന ഖണ്ഡിക്കുന്ന മന്ത്രാലയരേഖയാണ് സൈറ്റില്‍നിന്ന്‌ മാറ്റിയത്. മെയ് 17നും 18നും കുഗ്രാങ് നള, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിൽ ചൈന അതിക്രമിച്ചു കയറിയെന്നും  എൽഎസിയിലും ഗൽവാൻ താഴ്‌വരയിലും മെയ്‌ അഞ്ചുമുതൽ കടന്നുകയറ്റം വർധിച്ചെന്നും രേഖയിലുണ്ടായിരുന്നു.

20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ജൂൺ 15ലെ സംഘർഷത്തിനുശേഷം നടന്ന സർവകക്ഷി യോഗത്തില്‍ ചൈനീസ് സൈനികർ അതിക്രമിച്ചു കയറുകയോ പോസ്റ്റുകൾ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വിദേശകാര്യമന്ത്രാലയം അതുവരെ സ്വീകരിച്ച നിലപാടിനും വിരുദ്ധമായിരുന്നു ഇത്.

തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി:- യെച്ചൂരി
പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിരോധമന്ത്രാലയം പ്രസിദ്ധീകരിച്ച രേഖ പിന്നീട് അപ്രത്യക്ഷമായി. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഗുരുതരമായ കാര്യങ്ങളാണ് ഒളിപ്പിക്കാൻ ശ്രമിക്കുന്നത്. യാഥാർഥ്യം എന്തുതന്നെ ആയാലും തുറന്നുപറയാൻ സർക്കാർ തയ്യാറാകണമെന്ന് യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

 

07-Aug-2020