ചരിത്ര തീരുമാനവുമായി ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ. പുരുഷ കളിക്കാർക്ക് നൽകുന്ന വേതനം വനിതകൾക്കും നൽകും. ലോകഫുട്‌ബോളിൽ തുല്യവേതനം നടപ്പാക്കുന്ന ആദ്യ വമ്പൻ ടീമാണ് ബ്രസീൽ. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വനിതാ ടീമുകൾ തുല്യവേതനത്തിനായി നിയമപോരാട്ടം നടത്തവേയാണ് ലാറ്റിനമേരിക്കൻ രാജ്യം പുതിയ അധ്യായം കുറിച്ചത്.
ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ (സിബിഎഫ്) തലവൻ റൊഹേറിയോ കബോക്ലോയാണ് വേതനത്തിന്റെ കാര്യത്തിൽ ഇനി ലിംഗവിവേചനം ഇല്ലെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ദിനബത്ത, സമ്മാനത്തുക തുടങ്ങിയ ഇനങ്ങളിൽ പുരുഷ കളിക്കാർക്ക് നൽകുന്ന അതേ പ്രതിഫലം വനിതകൾക്കും ലഭിക്കും. ലോകകപ്പ്, ഒളിമ്പിക്‌സ് മത്സരങ്ങൾക്കുള്ള വേതനത്തിലും ഇനിമുതൽ വ്യത്യാസമുണ്ടാകില്ല. ബ്രസീലിയൻ ഫുട്‌ബോളിൽ ഇനിമുതൽ യാതൊരു വിവേചനവും ഉണ്ടാകില്ലെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കബോക്ലോ പറഞ്ഞു.
കഴിഞ്ഞ മാർച്ചുമുതലുള്ള മുൻകാലാവധിയോടെ ഇത്തരത്തിൽ വനിതാ താരങ്ങൾക്ക് പ്രതിഫലം നൽകും. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം മാർച്ചുമുതൽ ബ്രസീൽ വനിതകൾ കളത്തിൽ ഇറങ്ങിയിട്ടില്ല.
ഫിഫയുടെ 195 അംഗീകൃത രാജ്യങ്ങളിൽ ആറ് ടീമുകൾ മാത്രമാണ് ഇതേവരെ തുല്യവേതനം നടപ്പാക്കിയിട്ടുള്ളത്. നോർവെ, ന്യൂസിലൻഡ്, ഫിൻലൻഡ്, ഓസ്‌ട്രേലിയ, ഫിജി ഇപ്പോൾ ബ്രസീലും.