ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുക

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത്.

കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരുംദിവസങ്ങളില്‍ ഉണ്ടാകും.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുക. നവംബറില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിന് തയാറെടുപ്പുകള്‍ തുടരുന്നതായി  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ അറിയിച്ചു.തീയതി പ്രഖ്യാപിച്ചാലുടന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. പ്രചാരണത്തിനും കൃത്യമായ നിര്‍ദേശങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

04-Sep-2020