ലോകം മുഴുവൻ ശ്രദ്ധിച്ച മുഖ്യമന്ത്രിയുടെ ആറുമണി വാർത്താ സമ്മേളനം കേരള ചരിത്രത്തിൽത്തന്നെ പ്രധാന സംഭവമായി

ജനതയെ കോവിഡ്  പ്രതിരോധം പഠിപ്പിച്ചും  ആത്മധൈര്യം പകർന്നും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനം സെഞ്ച്വറി തികച്ചു. ലോകം മുഴുവൻ ശ്രദ്ധിച്ച  മുഖ്യമന്ത്രിയുടെ ആറുമണി  വാർത്താസമ്മേളനമാണ്‌ ചരിത്രമായത്‌. ആദ്യം നേരിട്ടും പിന്നീട്‌ മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും രണ്ടിടത്ത്‌ ഇരുന്ന്‌ ഓൺലൈൻവഴിയുമായിരുന്നു വാർത്താസമ്മേളനം. 

തത്സമയം ടിവിയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജ്‌ വഴിയും ലോകമെങ്ങുമുള്ള മലയാളികൾ വാർത്താസമ്മേളനം കണ്ടു. ദിവസവും കോവിഡ്‌  അവലോകന യോഗത്തിനുശേഷമാണ്‌ വാർത്താസമ്മേളനം.  മനുഷ്യർ മാത്രമല്ല, തെരുവു നായ്‌ക്കളും കുരങ്ങുമടക്കമുള്ള ജീവികളും പട്ടിണി കിടക്കാതിരിക്കാനുള്ള കരുതലും അദ്ദേഹത്തിൽനിന്നുണ്ടായി.  മന്ത്രിസഭാ യോഗതീരുമാനം, പ്രധാനമന്ത്രി വളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ  യോഗം തുടങ്ങിയവയിലെ തീരുമാനങ്ങളും അദ്ദേഹം വിശദീകരിച്ചു.  കോവിഡ്‌ വാർത്താസമ്മേളനം മുഖ്യമന്ത്രി  രാഷ്‌ട്രീയം പറയാനുള്ള വേദിയാക്കിയില്ല. എന്നാൽ, മാധ്യമപ്രവർത്തകരുടെ ചില ചോദ്യങ്ങൾക്ക്‌ അദ്ദേഹം അക്കമിട്ട്‌ മറുപടിയും  പറഞ്ഞു. 

ട്രിപ്പിൾ ലോക്‌ഡൗണിൽ സെക്രട്ടറിയറ്റ്‌ അടച്ചതോടെ മുഖ്യമന്ത്രി ക്ലിഫ്‌ ഹൗസിലിരുന്നായി വാർത്താസമ്മേളനം. അതിനിടെ ഫെയ്‌സ്‌ബുക്ക്‌ വഴിയും ബിഗ്‌ ബ്ലൂ ബട്ടൻ സോഫ്‌റ്റ്‌വെയറിലൂടെയും വാർത്താസമ്മേളനം നടത്തി. മാധ്യമപ്രവർത്തകർ സ്വന്തം ഓഫീസിലും മുഖ്യമന്ത്രി ക്ലിഫ്‌ ഹൗസിലും ഇരുന്നു.

കരിപ്പൂർ, പെട്ടിമല  സന്ദർശന ദിവസവും വാർത്താസമ്മേളനം നടത്തി. ഉത്രാടനാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌  ഓണസമ്മാനമായി നൂറുദിന നൂറിന പരിപാടി പ്രഖ്യാപിച്ചത്‌. ഒരു വിഷയത്തിൽ ഏറ്റവും കൂടുതൽ  നടത്തിയ വാർത്താസമ്മേളനം, സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ഏറ്റവും കൂടുതൽ പേർ ലൈവായി കണ്ട വാർത്താസമ്മേളനം, ചാനലുകളിൽ ഏറ്റവും റേറ്റിങ്ങുള്ള വാർത്താ പരിപാടി എന്നിങ്ങനെ സവിശേഷതകൾ ഏറെയായിരുന്നു ഈ പരിപാടിക്ക്‌.

 

05-Sep-2020