മുഖ്യമന്ത്രി പിണറായി വിജയൻ 14ന് നാടിന് സമർപ്പിക്കുന്ന കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 15മുതൽ ജനങ്ങൾക്ക് ചികിത്സ ലഭിക്കും.ഏഴ് സ്പെഷാലിറ്റി ഒപികൾ ഒരു മാസത്തിനകം മെഡിക്കൽ കോളജിൽ ആരംഭിക്കും. കേരളത്തിലെ 33-ാമത്തെ മെഡിക്കൽ കോളേജാണിത്. ജില്ലയിലെ ആദ്യ ഗവൺമെന്റ് മെഡിക്കൽ കോളജുമാണ്.
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടവും അക്കാദമിക്ക് ബ്ലോക്കും ഉൾപ്പെടെ 49,200 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിലുള്ള രണ്ട് കെട്ടിടങ്ങളാണ് പൂർത്തിയായിട്ടുള്ളത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് റവന്യൂ വകുപ്പിൽ നിന്നും കൈമാറി നൽകിയ 50 ഏക്കർ ഭൂമിയിൽ 130 കോടി മുടക്കിയാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്.
2012 മാർച്ച് 24 ന് ആണ് കോന്നിയിൽ മെഡിക്കൽ കോളജ് ആരംഭിക്കാൻ സർക്കാർ ഉത്തരവുണ്ടാകുന്നത്. 2013 ഡിസംബർ 23 ന് നിർമാണം ആരംഭിച്ച് 2015 ജൂൺ 22 ന് പൂർത്തീകരിക്കേണ്ടിയിരുന്നു. 18 മാസമായിരുന്നു നിർമാണ കാലാവധി. എന്നാൽ, വിവിധ കാരണങ്ങളാൽ 2014 മേയ് 15ന് മാത്രമാണ് നിർമാണം ആരംഭിക്കാൻ കഴിഞ്ഞത്. തുടർന്നും ഫണ്ട് ലഭ്യമാകാതിരുന്നതിനാൽ നിർമാണം തടസപ്പെട്ടു. 2016 മുതലാണ് നിർമാണം പുനരാരംഭിച്ച് വേഗത്തിലാക്കിയത്.
ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയായ ജനീഷ്‌കുമാർ ചുമതല ഏറ്റെടുത്തശേഷം മെഡിക്കൽ കോളജ് നിർമാണം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുഖ്യപരിഗണന നൽകുകയും അതിനാവശ്യമായ ഇടപെടൽ നടത്തുകയും ചെയ്‌തു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ മികച്ച പിന്തുണ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി പങ്കെടുത്ത് കോന്നി മെഡിക്കൽ കോളജിലും തിരുവനന്തപുരത്തുമായി നിരവധി അവലോകന യോഗങ്ങൾ ചേർന്നു. മെഡിക്കൽ കോളജ് യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിന് ഈ യോഗങ്ങളിലൂടെ കൃത്യമായ ഇടപെടലാണ് നടത്തിയിട്ടുളളത്.
ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള അനുവാദത്തിനായി മെഡിക്കൽ കൗൺസിലിന് ഉടൻതന്നെ അപേക്ഷ നൽകും. ഐപി വിഭാഗവും ഈ വർഷംതന്നെ ആരംഭിക്കും. മെഡിക്കൽ കോളജിനോട് ചേർന്നുള്ള ഒരു കിലോമീറ്റർ റോഡ് നാല് വരിപ്പാതയായി നിർമാണം പൂർത്തിയാക്കി. കോന്നിയിൽ നിന്നും പയ്യനാമണ്ണിൽ നിന്നുമുള്ള പ്രധാന റോഡുകൾ മെഡിക്കൽ കോളജ് റോഡായി വികസിപ്പിക്കും.
പ്രതിദിനം അൻപത് ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണവും പൂർത്തിയാക്കി. 13.98 കോടിയുടെ നബാർഡ് സഹായത്തോടെ മെഡിക്കൽ കോളജിനോട് ചേർന്ന ഒരേക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കിയത്. അരുവാപ്പുലം പഞ്ചായത്തിലെ 1, 2, 14, 15 വാർഡുകളിലും ഈ പദ്ധതിയിൽ നിന്ന് ജലം ലഭ്യമാക്കും. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ഒപി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്. ഉപകരണങ്ങൾ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകി. ഫർണീച്ചറും മറ്റ് ഉപകരണങ്ങളും എത്തിച്ചു കൊണ്ടിരിക്കുന്നു.
മെഡിക്കൽ കോളജിലെ എല്ലാ നിയമനങ്ങളും പിഎസ്‌സി, എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് നടത്തുക. വസ്തുത ജനങ്ങൾ ബോധ്യപ്പെട്ട് കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് എംഎൽഎ അഭ്യർഥിച്ചു.നിർമാണം പൂർത്തീകരിച്ച രണ്ട് ലിഫ്റ്റുകളിൽ ഒന്ന് എംഎൽഎയും മറ്റൊന്ന് കലക്ടറും കമീഷൻ ചെയ്തു. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട എൽറ്റി പാനൽ കമീഷനിങ് ആന്റോ ആന്റണി എംപിയാണ് നിർവഹിച്ചത്. ഡീസൽ ജനറേറ്റർ സെറ്റിന്റെ കമീഷനിങ് ഏഴിന് നടക്കും. സിസിടിവി സംവിധാനത്തിന്റെ കമീഷനിങ് ഒൻപതിനും മൂന്ന്, നാല് ലിഫ്റ്റുകളുടെ കമീഷനിങ് 11നും നടക്കും.
കലക്ടർ പി ബി നൂഹ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സി എസ് വിക്രമൻ, സൂപ്രണ്ട് ഡോ. സജിത്ത്കുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, എച്ച്എൽഎൽ ചീഫ് പ്രോജക്ട് മാനേജർ ആർ രതീഷ്‌കുമാർ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി പ്രോജക്ട് മാനേജർ അജയകുമാർ, അരുവാപ്പുലം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.