വീണ്ടും 3000 കടന്ന്‌ ഡല്‍ഹി

ലോകത്ത്‌ കോവിഡ് വ്യാപനം ഏറ്റവും തീവ്രം ഇന്ത്യയില്‍. ആദ്യമായി ഒറ്റദിവസത്തെ രോ​ഗികള്‍ 90,000 കടന്നു. 24 മണിക്കൂറില്‍ 90632 രോ​ഗികള്‍, 1065മരണം. രോ​ഗികളില്‍ മുന്നിലുള്ള അമേരിക്കയില്‍ ഒറ്റദിവസം സ്ഥിരീകരിച്ച രോ​ഗികളുടെ ഏറ്റവും ഉയര്‍ന്ന സംഖ്യ 78619. രോ​ഗികളുടെ എണ്ണത്തില്‍ ശനിയാഴ്‌ച ഇന്ത്യ ബ്രസീലിനെ മറികടന്നു. ബ്രിസീലില്‍ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന എണ്ണം 70869 മാത്രം. ദിവസം ലക്ഷം രോ​ഗികളാകുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്രയിൽ ശനിയാഴ്‌ച ഇരുപതിനായിരത്തിലേറെ രോ​ഗികള്‍‌. ആന്ധ്രയിൽ ഇപ്പോള്‍ ദിവസം ഇരുപതിനായിരത്തിലധികം രോ​ഗികള്‍. കർണാടകയിൽ ദിവസം പതിനായിരത്തോളം രോ​ഗികള്‍. ഡൽഹിയിലെ 11 ജില്ലയിലും മഹാരാഷ്ട്രയിലെ 17 ജില്ലയിലും ബംഗാളിലെ നാല്‌ ജില്ലയിലും ഗുജറാത്ത്‌, ജാർഖണ്ഡ്‌ എന്നിവിടങ്ങളിൽ ഓരോ ജില്ലയിലും പുതുശ്ശേരിയിലും‌ നിലവിൽ കോവിഡ്‌ സ്ഥിതി അതിരൂക്ഷം.

സെപ്‌തംബർ ഒന്നു‌മുതൽ അഞ്ചു‌വരെയുള്ള ദിവസങ്ങളിൽ 4.23 ലക്ഷം രോ​ഗികള്‍‌ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്തു. 5267 മരണം. ശനിയാഴ്‌ച യുഎസിൽ രോ​ഗികൾ 42095 ഉം മരണം 707 ഉം ആണ്‌. ബ്രസീലിൽ രോ​ഗികള്‍ 31199 ഉം മരണം 646 ഉം. കോവിഡ്‌ മരണങ്ങളിൽ നിലവിൽ മൂന്നാമതാണ്‌ ഇന്ത്യ. 24 മണിക്കൂറിൽ 73642 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 31.80 ലക്ഷം. ചികിത്സയിലുള്ളവരുടെ എണ്ണം 8.63 ലക്ഷം. 24 മണിക്കൂറിൽ 10.93 ലക്ഷം പരിശോധനകൾ നടത്തി.

കർണാടകയിൽ തൊഴിൽമന്ത്രിക്ക്‌ കോവിഡ്‌
കർണാടക തൊഴിൽമന്ത്രി എ ശിവറാം ഹെബ്ബറിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. തനിക്കും ഭാര്യക്കും കോവിഡ്‌ സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കർണാടകത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ, വനംമന്ത്രി ആനന്ദ്‌ സിങ്, ടൂറിസംമന്ത്രി സി ടി രവി, ആരോഗ്യമന്ത്രി ശ്രീരാമലു, പ്രതിപക്ഷ നേതാവ്‌ സിദ്ധരാമയ്യ, കോൺഗ്രസ്‌ പ്രസിഡന്റ്‌‌ ഡി കെ ശിവകുമാർ എന്നിവർക്ക്‌ നേരത്തെ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

അതിനിടെ ബംഗളൂരുവില്‍ കോവിഡ് ഭേദമായ യുവതിക്ക്‌ ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു.
ഹരിയാനയിലെ കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ദീപേന്ദ്രർ ഹുഡയ്‌ക്ക്‌ രോഗം ബാധിച്ചു. കോവിഡ്‌ ബാധിച്ചെന്നും കൂടുതൽ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താനുമായി സമ്പർക്കത്തിലായവർ സ്വയംനിരീക്ഷണത്തിൽ പോകാനും അദ്ദേഹം ആവശ്യപ്പെട്ടു.

നടൻ അർജുൻ കപൂറിന്‌ കോവിഡ്‌ ബാധിച്ചു. രോഗ ലക്ഷണമില്ലാത്തതിനാൽ ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം‌ അദ്ദേഹം വീട്ടുനിരീക്ഷണത്തിലാണ്‌. താൻ സുഖായിരിക്കുന്നെന്നും വീട്ടുനിരീക്ഷണത്തിലാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വീണ്ടും 3000 കടന്ന്‌ ഡല്‍ഹി
ഡൽഹിയിൽ ഞായറാഴ്‌ച 3256 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 29 പേർ മരിച്ചു. ആകെ രോ​ഗികള്‍ 191449. മരണം 4567 ആയി. ഡൽഹിയിൽ അവസാനം രോ​ഗികള്‍ മൂവായിരം കടന്നത്‌ ജൂൺ 26 നാണ്‌. ജൂൺ 23ന്‌ കേസുകൾ നാലായിരത്തിന്‌ അടുത്തെത്തി. എന്നാൽ, ജൂലൈമുതൽ പരിശോധനകളുടെ തോതിൽ വലിയ കുറവ്‌ വന്നു. ആർടിപിസിആർ പരിശോധന നാലിലൊന്നായി ചുരുക്കി.

ആഗസ്‌ത്‌ 16ന്‌ പ്രതിദിന കേസ്‌ 652 വരെയായി. അതേ ദിവസം പരിശോധന 10700 മാത്രം. പരിശോധനകൾ കുറച്ചത്‌ ദേശീയ മാധ്യമങ്ങളിലും മറ്റും വാർത്തയായതോടെ ആഗസ്‌ത്‌ അവസാനംമുതൽ എണ്ണം വീണ്ടും വർധിപ്പിച്ചു. 36000 പരിശോധന നടത്തിയപ്പോഴാണ്‌ ഞായറാഴ്‌ച രോ​ഗികള്‍ മൂവായിരം കടന്നത്‌.

07-Sep-2020