പകൽ‌ 12.30ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ ഉദ്‌ഘാടനം

ഒന്നാംഘട്ടം പൂർത്തീകരണത്തിന്റെ പ്രഖ്യാപനത്തോടെ തിങ്കളാഴ്‌ച കൊച്ചി മെട്രോ സർവീസ്‌ പുനരാരംഭിക്കും. തൈക്കൂടംമുതൽ പേട്ടവരെയുള്ള 1.33 കിലോമീറ്ററിലെ അവസാന പാദത്തിന്റെ കമീഷനിങ്ങും ഇവിടെനിന്നുള്ള ആദ്യ മെട്രോ യാത്രയുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പകൽ‌ 12.30ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ ഉദ്‌ഘാടനം. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ അഞ്ചുമാസമായി നിലച്ചിരുന്ന മെട്രോ സർവീസ്‌ തിങ്കളാഴ്‌ച രാവിലെ ഏഴിനുതന്നെ പുനരാരംഭിക്കും.  ഉച്ചയ്‌ക്കുശേഷം ആലുവമുതൽ പേട്ടവരെയുള്ള 25.48 കിലോമീറ്റർ ദൂരവും മെട്രോ സർവീസുണ്ടാകും. യാത്രാ നിരക്കിലും കുറവുവരുത്തിയിട്ടുണ്ട്‌. കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനംകൂടി ഇളവ് ലഭിക്കും.

0, 20, 30, 50 രൂപയുടെ നാലു ടിക്കറ്റ് സ്ലാബുകളാണുണ്ടാകുക. 20 രൂപ ടിക്കറ്റിൽ അഞ്ച്‌ സ്റ്റേഷൻവരെയും 30 രൂപയ്‌ക്ക് 12 സ്റ്റേഷൻവരെയും യാത്ര ചെയ്യാം. 12 സ്റ്റേഷനിൽ കൂടുതലുള്ള യാത്രയ്‌ക്ക് 50 രൂപ. മിനിമം നിരക്കിലും യാത്രാപരിധിയിലും മാറ്റമില്ല. വീക്‌‌ഡേ, വീക്കെൻഡ് പാസുകൾക്കും ഇളവുണ്ട്. 125 രൂപയുണ്ടായിരുന്ന വീക്‌‌ഡേ പാസിന് 15 രൂപയും 250 രൂപയായിരുന്ന വീക്കെൻഡ് പാസിന് 30 രൂപയും കുറച്ചു.

 തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും പകൽ ഒന്നുമുതൽ രണ്ടുവരെ മെട്രോ സർവീസുണ്ടാകില്ല. രാവിലെ ഏഴുമുതൽ ‌ഒന്നുവരെയും ഉച്ചയ്‌ക്ക്‌ രണ്ടുമുതൽ രാത്രി എട്ടുവരെയും 10 മിനിറ്റ്‌‌ ഇടവേളയിലായിരിക്കും സർവീസ്‌. ബുധനാഴ്‌ചമുതൽ രാവിലെ ഏഴിനാരംഭിക്കുന്ന പത്തുമിനിറ്റ്‌ ഇടവിട്ടുള്ള ഓട്ടം പകൽ 12ന്‌ അവസാനിക്കും. രണ്ടിന്‌ 20 മിനിറ്റ്‌ ഇടവേളയിൽ പുനരാരംഭിക്കുന്ന സർവീസ്‌ രാത്രി ഒമ്പതുവരെ തുടരും. ഞായറാഴ്‌ച രാവിലെ എട്ടിനാകും സർവീസ്‌ തുടങ്ങുന്നത്‌.

കോച്ചുകളിൽ വായുസഞ്ചാരം ഉറപ്പാക്കാൻ സ്‌റ്റേഷനുകളിൽ കുറഞ്ഞത്‌ 20 സെക്കൻഡും ടെർമിനലുകളിൽ അഞ്ചുമിനിറ്റും ട്രെയിനുകൾ നിർത്തിയിടും. സാധാരണനിലയിൽ ആറുമിനിറ്റ്‌ ഇടവേളയിലായിരുന്നു മെട്രോ സർവീസ്‌.

 

07-Sep-2020