സമ്പദ് ഘടനയെ സംരക്ഷിച്ച് നിർത്താൻ സർക്കാരിൽ നിന്നുള്ള സാമ്പത്തിക പാക്കേജുകൾ അത്യാവശ്യമാണ്

രാജ്യത്തിന്റെ സാമ്പത്തികരംഗം വലിയ അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നതാണ്. ഈ വർഷം ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ജിഡിപി 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഇനിയും വർധിക്കും. അനൗദ്യോഗിക മേഖലയിലെ നഷ്ടങ്ങൾ കണക്കാക്കുമ്പോൾ ജിഡിപി നിരക്ക് ഇനിയും ഇടിയുമെന്നും രഘുറാം രാജൻ പറഞ്ഞു. മറ്റ് സമ്പദ് ഘടനകളെ അപേക്ഷിച്ച് ഇന്ത്യയുടെ ജിഡിപി തകർച്ച വളരെ കൂടുതലാണ്. ഇന്ത്യയിൽ മധ്യവർത്തി വിഭാഗം ചെലവിടുന്നത് വലിയ രീതിയിൽ കുറയ്ക്കും. അത് ഇന്ത്യക്ക് കൂടുതൽ പ്രതിസന്ധികളാണ് സമ്മാനിക്കുക. ഇവർക്കായി കൂടുതൽ സഹായങ്ങൾ സർക്കാരിൽ നിന്നുണ്ടായിട്ടില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.

കോവിഡ് മഹാമാരി ഇന്ത്യൻ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഏറ്റവും മോശമായി ബാധിച്ച വികസിത രാജ്യങ്ങളായ യുഎസ്, ഇറ്റലി എന്നിവിടങ്ങളിൽ സമ്പദ്വ്യവസ്ഥയിൽ വലിച്ചിൽ ഉണ്ടായെങ്കിലും അവരേക്കാൾ ഇന്ത്യയുടെ അവസ്ഥ മോശമാണ്. ഇന്ത്യ വൈറസിനെ നിയന്ത്രിച്ചുനിർത്തിയാൽ അതു ഉത്തേജനമാകുമെന്നു വിശ്വസിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോഴുള്ള തകർച്ചയെ കുറച്ചുകാണുകയാണ്. അന്ന് കുറച്ചൂകൂടി ചുരുങ്ങിയ, ഭീതിജനകമായ സമ്പദ്വ്യവസ്ഥയെ ആണ് കാണാൻ പോകുന്നത്.

ജിഡിപിയുടെ 20 ശതമാനം സാമ്പത്തിക പാക്കേജിനായി ചെലവിട്ടിട്ടിടും അമേരിക്കയ്ക്ക് ഇപ്പോഴും ആശങ്ക മാറിയിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. സമ്പദ്വ്യവസ്ഥ ശോഷിക്കാതിരിക്കാൻ നിർണായക ഉത്തേജനം വേണം. ഇന്ത്യയ്ക്ക് ശക്തമായ വളർച്ചയാണ് ആവശ്യം. സമ്പദ് ഘടനയെ സംരക്ഷിച്ച് നിർത്താൻ സർക്കാരിൽ നിന്നുള്ള സാമ്പത്തിക പാക്കേജുകൾ അത്യാവശ്യമാണ്. നിലവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകൾ വളരെ തുച്ഛമാണെന്നും അദ്ദേഹം വ്യക്തമാക്കി.

07-Sep-2020