തട്ടിപ്പ് മുന്നൊരുക്കത്തോടെ
അഡ്മിൻ
ഫാഷൻഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീനെതിരെ കൂടുതൽ കേസുകൾ. കാസർകോട്, ചന്തേര പൊലീസ് സ്‌റ്റേഷനുകളിലായി തട്ടിപ്പിനിരയായ 17 പേർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
നിക്ഷേപം തിരിച്ചുചോദിച്ചപ്പോൾ 78 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകിയെന്ന പരാതിയിൽ ഹോസ്‌ദുർഗ് കോടതി ഖമറുദ്ദീന് സമയൻസും അയച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ 800 പേരിൽ 17 പേരേ പരാതി നൽകിയുള്ളൂ. ഭൂരിപക്ഷംപേരും വിദേശത്തായതിനാലാണ് പരാതി നൽകാൻ വൈകുന്നത്. പെൻഷൻ തുകയും ജീവനാംശ തുകയും മക്കളുടെ വിവാഹത്തിനായുള്ള സമ്പാദ്യവും ലാഭവിഹിതം പ്രതീക്ഷിച്ച് നിക്ഷേപിച്ചവരടക്കം നിരവധി സാധാരണക്കാരും തട്ടിപ്പിനിരയായിട്ടുണ്ട്. ഭൂരിപക്ഷവും ലീഗ് പ്രവർത്തകരും കുടുംബാംഗങ്ങളുമാണ്. പരാതിക്കാർക്കെതിരെ ലീഗ് നേതാക്കളിൽനിന്ന് ഭീഷണിയുമുണ്ടായിരുന്നു.
തട്ടിപ്പ് മുന്നൊരുക്കത്തോടെ
ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയത്. ഫാഷൻ ഗോൾഡിന്റെ മൂന്ന് ബ്രാഞ്ചും പൂട്ടിയശേഷവും എംഎൽഎയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ചു. അതിനിടെ കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും വിറ്റു. കാഞ്ഞങ്ങാട് നിർമാണത്തിലിരുന്ന ഷോറൂം കഴിഞ്ഞ ഫെബ്രുവരിയിൽ ബിനാമികൾ മുഖേന മറ്റൊരു ജ്വല്ലറി ഗ്രൂപ്പിന് കൈമാറി. ബംഗളൂരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടർ ഏറ്റെടുത്തു.
പണവും ലാഭവിഹിതവും ലഭിക്കാതായപ്പോൾ നിക്ഷേപകർ പണം തിരിച്ചുചോദിച്ച് തുടങ്ങിയതോടെ കഴിഞ്ഞ ഡിസംബറിൽ വിദേശത്തേക്ക് മുങ്ങിയ എംഎൽഎ മൂന്ന് മാസത്തിന്‌ശേഷം മാർച്ച് രണ്ടിനാണ് തിരിച്ചെത്തിയത്. നിക്ഷേപകർ കോഴിക്കോട് വിമാനത്താവളത്തിലെത്തി പണം ആവശ്യപ്പെട്ടു. തുടർന്ന് മധ്യസ്ഥർ മുഖേന കണ്ണൂർ ഗസ്റ്റ് ഹൗസിൽ ചർച്ചക്ക് തയ്യാറായി. താൻ ജ്വല്ലറിയിലെ ജോലിക്കാരൻ മാത്രമാണെന്ന വാദമുന്നയിച്ച് രക്ഷപ്പെടാനാണ് അന്ന് ശ്രമിച്ചത്.
ന്യായീകരിച്ച് ലീഗ്
സാമ്പത്തിക പ്രതിസന്ധിയാണ് ജ്വല്ലറിയുടെ തകർച്ചക്ക് കാരണമെന്നാണ് ലീഗ് നേതാക്കളുടെ ന്യായീകരണം. അതേസമയം എംസി ഖമറുദ്ദീനോട് യുഡിഎഫ് ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് മുസ്ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള, സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഖമറുദ്ദീനെതിരെ ഉണ്ണിത്താൻ
എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ജ്വല്ലറി തട്ടിപ്പിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉപ്പുതിന്നുന്നവർ വെള്ളം കുടിക്കുമെന്നായിരുന്നു പ്രതികരണം. ലീഗ് ജില്ലാ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ സമയത്തുതന്നെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ഖമറുദ്ദീൻ ഒഴിയേണ്ടതായിരുന്നു. ഇപ്പോൾ ഉയർന്ന പരാതി സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടിയുമായും യുഡിഎഫ് സംസ്ഥാന നേതൃത്വവുമായും സംസാരിച്ചിട്ടുണ്ട്. തന്റെ അഭിപ്രായം അവരെ അറിയിച്ചിട്ടുമുണ്ട്–- ഉണ്ണിത്താൻ പറഞ്ഞു.
നേതാവ് ചതിക്കുമെന്ന് കരുതിയില്ല
അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിൽനിന്ന് ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ലെന്ന് കള്ളാറിലെ പി കെ സുബൈർ. വർഷങ്ങളായി ഗൾഫിൽ വിയർപ്പൊഴുക്കി സമ്പാദിച്ച പണം മുസ്ലിംലീഗ് നേതാവ് ഖമറുദ്ദീന്റെ ജ്വല്ലറിയിൽ നിക്ഷേപിച്ചവരിലൊരാളാണ് സുബൈർ. സുഹൃത്തുക്കളെയും പണം നിക്ഷേപിക്കാൻ നിർബന്ധിച്ചു. അപ്പോഴൊന്നും കരുതിയില്ല തങ്ങൾ വിശ്വസിക്കുന്ന പാർടിയുടെ നേതാവ് വഞ്ചിക്കുമെന്ന്. മറ്റ് വഴികളൊക്കെ അടഞ്ഞപ്പോഴാണ് കോടതിയെ സമീപിച്ചത്. ഞങ്ങളുടെ വിയർപ്പിന്റെ വില നേതാവ് അറിയണം. പണം തിരിച്ചു കിട്ടുന്നതുവരെ നിയമ നടപടിയുമായി മുന്നോട്ടുപോകും –-സുബൈർ പറഞ്ഞു.
08-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ