സ്‌പാനിഷ്‌ താരം പാബ്ലോ കരെനൊ ബുസ്‌തക്കെതിരായ പ്രീ ക്വാർട്ടർ ഫൈനലിനിടെയാണ്‌ സംഭവം

ലോക ഒന്നാം റാങ്കുകാരൻ നൊവാക്‌ യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ അയോഗ്യനാക്കി. മത്സരത്തിനിടെ പോയിന്റ്‌ നഷ്‌ടമായ നിരാശയിൽ പന്തടിച്ചത്‌ വനിതാ ലൈൻ ജഡ്‌ജിന്റെ ദേഹത്ത്‌ തട്ടിയതിനെ തുടർന്നാണ്‌ നടപടി. നാലാം റൗണ്ടിലെത്തിയ സെർബിയക്കാരന്‌ ടൂർണമെന്റിൽ ലഭിച്ച പോയിന്റുകളും സമ്മാനത്തുകയും നഷ്‌ടമായി.

സ്‌പാനിഷ്‌ താരം പാബ്ലോ കരെനൊ ബുസ്‌തക്കെതിരായ പ്രീ ക്വാർട്ടർ ഫൈനലിനിടെയാണ്‌ സംഭവം. ആദ്യ സെറ്റിൽ 5–-6ന്‌ പിന്നിലായ യൊകോവിച്ച്‌ നിരാശനായി പന്തെടുത്ത്‌ പിറകിലേക്ക്‌ അടിച്ചത്‌ ലൈൻ അമ്പയറുടെ കഴുത്തിലേക്കായിരുന്നു. വേദനകൊണ്ട്‌ പുളഞ്ഞ്‌ നിലത്തിരുന്ന ജഡ്‌ജിനെ ആശ്വസിപ്പിക്കാൻ യൊകോവിച്ച്‌ ഓടിയെത്തി. അറിയാതെ സംഭവിച്ച തെറ്റിന്‌ മാപ്പ്‌ പറഞ്ഞു. പരിക്കൊന്നും പറ്റിയില്ലെങ്കിലും ഗ്രാന്റ്‌സ്ലാം ടൂർണമെന്റുകളിലെ നിയമം തിരിച്ചടിയായി. 

ഷ്യൽസ്‌, കാണികൾ, എതിരാളികൾ എന്നിവരെ കളിക്കാർ ശാരീരികമായി നേരിട്ടാൽ അയോഗ്യരാക്കണമെന്നാണ്‌ നിയമം. അതുപ്രകാരം പത്ത്‌ മിനിറ്റ്‌ ചർച്ചയ്‌ക്കുശേഷം അമ്പയർ യൊകോവിച്ചിനെ അയോഗ്യനാക്കി. പാബ്ലോ കരെനൊ ക്വാർട്ടറിൽ കടന്നു.

അതോടെ പതിനെട്ടാം ഗ്രാന്റ്‌സ്ലാം കിരീടമെന്ന യൊകോവിച്ചിന്റെ സ്വപ്‌നം പൊലിഞ്ഞു. റാഫേൽ നദാലും റോജർ ഫെഡററും ഇല്ലാത്തതിനാൽ നാലാം യുഎസ്‌ ഓപ്പൺ കിരീടം പ്രതീക്ഷിച്ചിരുന്നു. മികച്ച ഫോമിലുള്ള യൊകോവിച്ച്‌ ഈ സീസണിൽ തുടർച്ചയായ 26‌ ജയം സ്വന്തമാക്കിയതാണ്‌.

ഫ്രാൻസിസ്‌ തിയാഫോ (അമേരിക്ക), ഡാനിൽ മെദ്‌വദേവ് ‌(റഷ്യ), ബോർണ കോറിക് ‌(ക്രൊയേഷ്യ), അലക്‌സാണ്ടർ സെവ്‌രേവ്‌ (ജർമനി), ഡെന്നിസ്‌ ഷാപൊലോവ് ‌(കനഡ) എന്നിവർ ക്വാർട്ടർ ഫൈനലിൽ കടന്നു.

വനിതകളിൽ നവോമി ഒസാക (ജപ്പാൻ), ഷെൽബി റോജേഴ്‌സ്‌ (അമേരിക്ക), ജെന്നിഫർ ബ്രാഡി (അമേരിക്ക), യുലിന പുടിൻറ്റ്‌സേവ (കസാക്കിസ്ഥാൻ) എന്നിവരും അവസാന എട്ടിൽ സ്ഥാനം പിടിച്ചു.



08-Sep-2020