ഓക്സ്ഫഡ്- സർവകലാശാലയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്. അസ്‌ട്രസെനേക കമ്പനിയുമായി ചേർന്നുള്ള വാക്‌സിൻ പരീക്ഷണമാണ് നിർത്തിവെച്ചത്.
ഇത് രണ്ടാം തവണയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കുന്നത്. അജ്‌ഞാതരോഗം മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. രോഗി എവിടെ ആണെന്നോ എന്ത്‌തരം രോഗമാണെന്നോ എന്നീ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജൂലായ് 20-നാണ് ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് 19 വാക്സിന്‍ വികസിപ്പിച്ചെടുത്തത്. വാക്സിന്‍ തയ്യാറായാല്‍ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. 30,000ത്തിലധികം പേരാണ് വാക്‌സിൻ പരീക്ഷണത്തിന് സന്നദ്ധരായിട്ടുള്ളത്.
2021 ജനുവരിയോടെ വാക്‌സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍. അതിനിടെയാണ് പരീക്ഷണം നിർത്തിവെയ്‌ക്കുന്നത്.